ഡ്രൈവിങ് വിനോദമോ കുട്ടിക്കളിയോ അല്ലെന്ന മുന്നറിയിപ്പുമായി കേരള മോട്ടോര്‍ വാഹന വകുപ്പ്

Share our post

വേനല്‍ അവധിക്കാലത്ത് കുട്ടികളെയും രക്ഷിതാക്കളെയും ഒരുപോലെ പ്രശ്‌നത്തിലാക്കിയേക്കാവുന്ന അപകടത്തെ കുറിച്ച് മുന്നറിയിപ്പുമായി കേരള മോട്ടോര്‍ വാഹന വകുപ്പ്. അവധിക്കാലം വിശ്രമത്തിന്റെയും വിനോദത്തിന്റെയും കാലമെങ്കിലും ഡ്രൈവിങ് വിനോദമോ കുട്ടിക്കളിയോ അല്ലെന്ന് എംവിഡി അടിവരയിടുന്നു. കുട്ടികള്‍ ഡ്രൈവ് ചെയ്താല്‍ ഉണ്ടാകുന്ന നിയമ നടപടികളെ കുറിച്ചും എംവിഡി ഫേസ്ബുക്കില്‍ കുറിപ്പില്‍ വിശദീകരിക്കുന്നുണ്ട്.

കുറിപ്പിങ്ങനെ…

മധ്യവേനല്‍ അവധി തുടങ്ങി. പുസ്തകക്കെട്ടുകളുടെ ഭാരം ഇറക്കി വച്ച് കുട്ടികള്‍ക്കിനി കുറച്ച് നാള്‍ വിശ്രമത്തിന്റെയും വിനോദത്തിന്റെറെയും നാളുകള്‍. കുട്ടികള്‍ വാഹനം ഓടിക്കാനും, ഓടിച്ച് പഠിക്കാനും ഏറ്റവും സാധ്യതയുള്ള കാലം.

മാതാപിതാക്കളെ…. ഒന്ന് ശ്രദ്ധിക്കൂ…

ഡ്രൈവിംഗ് കുട്ടിക്കളിയല്ല. നിങ്ങള്‍ അറിഞ്ഞോ അറിയാതെയോ കുട്ടികള്‍ വാഹനം ഓടിക്കുമ്പോള്‍, അവനെ ഒരു വലിയ അപകടത്തിലേക്കാണ് തള്ളിവിടുന്നത് എന്നോര്‍ക്കുക. ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങള്‍ എടുത്ത് നടപ്പിലാക്കുക എന്നത് ഡ്രൈവിംഗിലെ അടിസ്ഥാന തത്വമാണ്.

മനസും ശരീരവും പക്വതയെത്താത്ത കുട്ടികള്‍ എങ്ങനെ ഇത് നടപ്പിലാക്കും…? ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്നതും, ഓടിക്കാന്‍ അനുവദിക്കുന്നതും കുറ്റകരമാണ്. ലൈസന്‍സില്ലാതെ വാഹനം ഓടിച്ച ഡ്രൈവര്‍ക്കും, വാഹന ഉടമയ്ക്കും 3 വര്‍ഷം വീതം തടവും 5000 രൂപ വീതം പിഴയുമാണ് ശിക്ഷ.

മൈനര്‍ വാഹനം ഓടിച്ചാല്‍ ശിക്ഷ എന്താണെന്ന് അറിയണ്ടേ…?

(Section 199 A – Offence by Juveniles) അനുസരിച്ച് കുട്ടികള്‍ ചെയ്യുന്ന കുറ്റത്തിന്റെ പ്രതിസ്ഥാനത്ത് രക്ഷിതാവോ, വാഹന ഉടമയോ ആണ് എന്നതാണ്.

ശിക്ഷയെന്താണ്?

ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍ ലഭിക്കുന്ന ശിക്ഷയോടൊപ്പം

  1. രക്ഷിതാവിന് / വാഹന ഉടമയ്ക്ക് 3 വര്‍ഷം തടവും, 25000/- രൂപ പിഴയും
  2. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ 1 വര്‍ഷത്തേക്ക് ക്യാന്‍സല്‍ ചെയ്യും
  3. വാഹനം ഓടിച്ച കുട്ടിക്ക് 25 വയസ് വരെ ലേണേഴ്‌സ് ലൈസന്‍സോ ഡ്രൈവിംഗ് ലൈസന്‍സോ നേടുന്നതിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല.

കൂടാതെ മറ്റ് നാശനഷ്ടങ്ങള്‍ക്ക് രക്ഷിതാവ് ഉത്തരവാദിയാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ… ഡ്രൈവിംഗ് കുട്ടികള്‍ക്കുള്ള വിനോധോപാധിയല്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!