വോട്ടിംഗ് മെഷീനുകള്‍ക്ക് ഇരട്ടി സുരക്ഷ, തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ജി.പി.എസ്

Share our post

കൊല്‍ക്കത്ത: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 സുതാര്യമായി നടത്താന്‍ പശ്ചിമ ബംഗാളിലെ ഇലക്ഷന്‍ വാഹനങ്ങളില്‍ ജി.പി.എസ് ഘടിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശം. തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന എല്ലാ ഔദ്യോഗിക വാഹനങ്ങളും ജി.പി.എസ് വഴി ട്രാക്ക് ചെയ്യാനാണ് നിര്‍ദേശം.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ അടക്കമുള്ള തെരഞ്ഞെടുപ്പ് സാധനങ്ങള്‍ നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് വാഹനങ്ങളില്‍ ജി.പി.എസ് ഘടിപ്പിക്കുന്നത്. ഇവിഎമ്മും മറ്റ് വോട്ടിംഗ് സാമഗ്രികളും എത്തിക്കുകയും വിതരണം ചെയ്യുകയും ചെയ്യുക പൂര്‍ണമായും ജി.പി.എസ് ഘടിപ്പിച്ച വാഹനങ്ങളിലായിരിക്കും. പോളിംഗിന് ശേഷം സ്ട്രോങ് റൂമുകളിലേക്ക് മെഷീനുകള്‍ എത്തിക്കുമ്പോള്‍ കൃത്രിമം നടക്കാതിരിക്കാന്‍ ജി.പി.എസ് നിരീക്ഷണം സഹായിക്കും എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കരുതുന്നു. ഏതെങ്കിലും തരത്തിലുള്ള അസ്വാഭാവിക ശ്രദ്ധയില്‍പ്പെട്ടാല്‍ ഡ്രൈവര്‍മാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാനും ശ്രദ്ധയില്‍പ്പെടുത്താനും നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

2014 ഏപ്രില്‍ 19 മുതല്‍ ജൂണ്‍ 1 വരെ ഏഴ് ഘട്ടമായാണ് പശ്ചിമ ബംഗാളില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബംഗാളിലും ഉത്തര്‍പ്രദേശിലും ബിഹാറിലും മാത്രമേ ഏഴ് ഘട്ടമായി പൊതു തെരഞ്ഞെടുപ്പ് നടക്കുന്നുള്ളൂ. 42 പാര്‍ലമെന്‍റ് മണ്ഡലങ്ങളാണ് പശ്ചിമ ബംഗാളിലുള്ളത്. ജൂണ്‍ നാലിന് ഫലം വരും. രണ് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ലോക്‌സഭ ഇലക്ഷനൊപ്പം പശ്ചിമ ബംഗാളില്‍ നടക്കുന്നുണ്ട്. മെയ് ഏഴ്, ജൂണ്‍ 1 തിയതികളിലാണ് ഉപതെരഞ്ഞെടുപ്പുകള്‍. സംസ്ഥാന ഭരണ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കാണ് ബംഗാളില്‍ മത്സരിക്കുന്നത്. ബിജെപിക്ക് പുറമെ ഇടത്- കോണ്‍ഗ്രസ് സഖ്യവും മത്സരരംഗത്തുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!