മലയാള സിനിമകളുടെ ബുക്കിങ് ബഹിഷ്കരിച്ച് പി.വി.ആർ, വിഷു റിലീസുകൾക്ക് കനത്ത തിരിച്ചടി

Share our post

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ് ബഹിഷ്കരിച്ച് പി.വി.ആർ. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടാണ് തീരുമാനം. ഫോറം മാളിൽ ആരംഭിച്ച പുതിയ പി.വി.ആർ–ഐനോക്സിലും പുതിയ മലയാള ചിത്രങ്ങളുടെ റിലീസില്ല. ഇന്ന് റിലീസ് ചെയ്ത ഫഹദ് ഫാസിൽ ചിത്രം ആവേശം, വിനീത് ശ്രീനിവാസന്റെ വർഷങ്ങൾക്കു ശേഷം, ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് തുടങ്ങിയ ചിത്രങ്ങളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനമുണ്ടാകില്ല.

നിർമാണം പൂർത്തിയാക്കുന്ന മലയാള സിനിമകളുടെ ഡിജിറ്റൽ കണ്ടന്റ് മാസ്റ്ററിങ് ചെയ്ത് തിയേറ്ററുകളിൽ എത്തിച്ചിരുന്നത് യു.എഫ്ഒ, ക്യൂബ് തുടങ്ങിയ കമ്പനികളായിരുന്നു. എന്നാൽ ഇത്തരം കമ്പനികൾ ഉയർന്ന നിരക്ക് ഈടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിർമാതാക്കളുടെ സംഘടന പ്രൊഡ്യൂസേഴ്സ് ഡിജിറ്റൽ കണ്ടന്റ് എന്ന സംവിധാനം വഴി സ്വന്തമായി മാസ്റ്ററിങ് യൂണിറ്റ് ആരംഭിച്ചിരുന്നു.

പുതിയതായി നിര്‍മിക്കുന്ന തിയേറ്ററുകളിൽ ഈ സംവിധാനം ഉപയോഗിക്കണമെന്നും നിർമാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. തിയേറ്ററുകളിൽ ഡിജിറ്റൽ പ്രിന്റ് എത്തിക്കാൻ തിയേറ്റർ ഉടമകൾ നൽകുന്ന ഫീസിനോടൊപ്പം നിർമാതാക്കളുടെ കയ്യിൽ നിന്നും ഡിജിറ്റൽ സർവീസ് പ്രൊവൈഡർമാർ ഫീസ് ഈടാക്കുന്നുണ്ട്. പ്രൊഡ്യൂസേഴ്സ് ഡിജിറ്റൽ കണ്ടന്റ് എന്ന സംവിധാനം വഴി ആറായിരം രൂപയിൽ താഴെ മാത്രം ചെലവിൽ തിയേറ്ററുകളിൽ സിനിമ എത്തിക്കാൻ കഴിയുമെന്നിരിക്കെ, പതിനായിരമോ അതിലേറെയോ ഫീസ് കൊടുത്ത് സിനിമ എത്തിക്കുന്നതിന്റെ ആവശ്യമെന്തെന്നാണ് എന്നാണ് നിര്‍മാതാക്കളുടെ സംഘടന ചോദിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!