മൊബൈൽ പൈലിംഗ് വാഹനം ഇടിച്ച് പത്ര ഏജൻ്റ് മരിച്ചു

Share our post

പറവൂർ: പറവൂർ – ആലുവ റോഡിൽ ചേന്ദമംഗലം കവലയിൽ വ്യാഴാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മാതൃഭൂമി പെരുമ്പടന്ന ഏജൻ്റ് നന്തി കുളങ്ങര കുറുപ്പംതറ കെ.വി. സോമൻ (72) തൽക്ഷണം മരിച്ചു. മറ്റ് രണ്ട് പേർക്ക് പരിക്കുണ്ട്. പടിഞ്ഞാറ് ഭാഗത്തുനിന്നും വരികയായിരുന്ന പൈലിംഗ് വാഹനം കവലയിൽ ഇടത് വശത്തുനിന്നും കടന്നുവന്ന കാറിലിടിച്ച ശേഷം നിയന്ത്രണം വിട്ട് കിഴക്ക് ഭാഗത്തുനിന്നും സൈക്കിളിൽ വരികയായിരുന്ന സോമനെ ഇടിച്ച ശേഷം വലതു വശത്തെ കെട്ടിടത്തിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പഴക്കമേറെയുള്ള രണ്ടു നിലകളുള്ള കല്ലുങ്കൽ ബിൽഡിംഗ് തകർന്നു.

ഗുരുതര പരിക്കേറ്റ സോമൻ അപകടസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് പോകാൻ ചേന്ദമംഗലം റോഡിലൂടെ കവലയിലെത്തിയ കാർ ഓടിച്ചിരുന്ന കൊടുങ്ങല്ലൂർ എടവിലങ്ങ് ചിറ്റേഴത്ത് മോഹൻകുമാറിനെ (20) കളമശ്ശേരി മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കിയ മൊബൈൽ പൈലിങ്ങ് വാഹനത്തിൽ കുടുങ്ങിപ്പോയ ഡ്രൈവറെ വാഹനത്തിൻ്റെ ക്യാമ്പിൻ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഇയാളുടെ പരിക്ക് സാരമുള്ളതല്ല. അപകട സമയത്ത് മഴയുണ്ടായിരുന്നു.

ഇടുങ്ങിയ ചേന്ദമംഗലം കവല സ്ഥിരം അപകട മേഖലയാണ്. 43 വർഷമായി മാതൃഭൂമി ഏജൻ്റായ സോമൻ നന്തി കുളങ്ങരയിലെ വീട്ടിൽ നിന്നും പറവൂരിൽ പത്രവിതരണത്തിനു വരികയായിരുന്നു
ഭാര്യ: കെ.സി. രമ. മക്കൾ: വർഷ, മേഘ. മരുമക്കൾ: സിബു പടിക്കൽ (മാലിദ്വീപ്) വി.ജെ. അനീഷ് (ദുബൈ).

പറവൂർ ഗവ. ആസ്പത്രിയിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം തോന്ന്യകാവ് ശ്മശാനത്തിൽ വ്യാഴാഴ്ച വൈകീട്ട് നാലിന് സംസ്കരിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!