തിരഞ്ഞെടുപ്പ് നിരീക്ഷണത്തിന് 2122 കാമറ; വ്യാജ വാർത്തകൾക്കെതിരെ കർശന നടപടി

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിന് തത്സമയ നിരീക്ഷണത്തിനായി 2122 കാമറകൾ സജ്ജമാക്കിയതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലെയും 20 മണ്ഡലങ്ങളിലെ വരണാധികാരികളുടെ കീഴിലെയും കൺട്രോൾ റൂമുകളിൽ ദൃശ്യങ്ങൾ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. ചെക്ക്പോസ്റ്റുകളിൽനിന്നുള്ള ദൃശ്യങ്ങളും ഫ്ലൈയിങ് സ്ക്വാഡുകൾ, സ്റ്റാറ്റിക് സർവൈലൻസ് ടീം എന്നിവയുടെ വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള കാമറകളിൽ നിന്നുള്ള ദൃശ്യങ്ങളും തത്സമയം നിരീക്ഷിക്കും.
ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്ന കേന്ദ്രങ്ങളിൽ 391 കാമറകളുണ്ട്. തപാൽ വോട്ടിങ് സൗകര്യമൊരുക്കുന്ന കേന്ദ്രങ്ങളും നിരീക്ഷിക്കും. പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളിലും പോളിങ്ങിന് ബൂത്തുകളിലും സ്ട്രോങ് റൂമുകളിലും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും കാമറ നിരീക്ഷണമുണ്ടാകും.
വ്യാജവാർത്തകൾക്ക്
എതിരെ കർശന നടപടി
തെരഞ്ഞെടുപ്പുപ്രക്രിയയുടെ വിശ്വാസ്യത തകർക്കുംവിധമുള്ള വ്യാജ പ്രചാരണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഉത്തരവാദികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ (സിഇഒ) സഞ്ജയ് കൗൾ പറഞ്ഞു. സമൂഹമാധ്യമങ്ങളും ദൃശ്യ,- ശ്രവ്യ,- അച്ചടി മാധ്യമങ്ങളും നിരന്തരം നിരീക്ഷിക്കാൻ മുഖ്യ സിഇഒ ഓഫീസിലും ജില്ലാതലത്തിലും മീഡിയ മോണിറ്ററിങ് സെല്ലുകൾ പ്രവർത്തിക്കുന്നുണ്ട്.
പൊലീസ് നിരീക്ഷണവുമുണ്ട്. വ്യാജവാർത്തകൾ, പെരുമാറ്റച്ചട്ടത്തിനു വിരുദ്ധമായ വാർത്തകൾ, പെയ്ഡ് ന്യൂസ് എന്നിവ കണ്ടെത്തിയാൽ നടപടിയുണ്ടാകും. രാഷ്ട്രീയ പാർടികളുടെയും സ്ഥാനാർഥികളുടെയും ദൃശ്യ- ശ്രവ്യ പരസ്യങ്ങൾക്ക് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയുടെ അംഗീകാരം ആവശ്യമാണ്. സ്ഥാനാർഥികൾക്ക് മണ്ഡലങ്ങളിൽ പ്രചരിപ്പിക്കാനുള്ള പരസ്യങ്ങൾക്ക് ജില്ലാ മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്റിങ് കമ്മിറ്റിയുടെയും സംസ്ഥാന തലത്തിലെ പരസ്യങ്ങൾക്ക് സി.ഇ.ഒ ഓഫീസിലെ കമ്മിറ്റിയുടെ അംഗീകാരവും വേണം.