എൻ.ഐ.ടി ലൈബ്രറിയിൽ ഖുറാനും ബൈബിളും മലയാള പുസ്തകങ്ങളും പടിക്ക് പുറത്തേക്ക്

കുന്നമംഗലം: എൻ.ഐ.ടി ലൈബ്രറിയിൽനിന്ന് മലയാളം പുസ്തകങ്ങൾ പുറത്താക്കാൻ നീക്കം. ഡിസി ബുക്സിന് കൊടുത്ത പർച്ചേയ്‌സ് ഓർഡർ കാൻസൽ ചെയ്തു. ഇടതുപക്ഷ അനുകൂല പുസ്തകങ്ങൾ, സാഹിത്യം, ഖുർആൻ മലയാളപരിഭാഷ, ഇസ്ലാമിക സാഹിത്യങ്ങൾ, ബൈബിൾ തുടങ്ങി എല്ലാ പുസ്തകങ്ങളും ലൈബ്രറിയിൽ നിന്ന് നീക്കി.
രാമായണവും മഹാഭാരതവും ഭഗവത് ഗീതയും മാത്രം സൂക്ഷിച്ചാൽ മതിയെന്ന് എൻ.ഐ.ടി രജിസ്ട്രാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായാണ് വിവരം. ഡെപ്യൂട്ടി ലൈബ്രേറിയൻ, ഖുർആൻ ഇവിടെ നിന്ന് എടുത്തുമാറ്റാൻ പറയുകയും ഇതൊന്നും ഇവിടെ വയ്‌ക്കേണ്ട സാധനമല്ലെന്ന് പറയുകയും ചെയ്തിട്ടുണ്ട്.
സംഘപരിവാർ സ്ഥാപനങ്ങളിൽ നിന്ന് പുസ്തകം വാങ്ങാനാണ് നിർദേശം. ഇതിന്റെ ഭാഗമായി പർച്ചേയ്‌സ് കമ്മിറ്റി പിരിച്ചുവിട്ടു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നുണ്ടെങ്കിലും ഡെപ്യൂട്ടി രജിസ്ട്രാർ, അസി. രജിസ്ട്രാർ തസ്തികയിലേക്ക് എഴുത്തുപരീക്ഷ നടത്താനും നീക്കമുണ്ട്. രജിസ്ട്രാറുടെ നാട്ടുകാരായ രണ്ട് കർണാടകം സ്വദേശികളായ വിമുക്തഭടന്മാരെ നിയമിക്കാനാണ് ശ്രമം.
ലൈബ്രറിയിലെ താൽക്കാലിക ജീവനക്കാരെ ശമ്പളം നൽകാതെ പിരിച്ചു വിട്ടിട്ടുണ്ട്. കഴിഞ്ഞ 28ന് ഇവരുടെ കരാർ കാലാവധി അവസാനിച്ചെന്ന് കാണിച്ചാണ് പിരിച്ചുവിട്ടത്. എന്നാൽ 14 പേരെ നിലനിർത്തിയിരുന്നു. സ്റ്റോക്ക് രജിസ്റ്ററിൽ പുസ്തകം കാണുന്നില്ലെന്നും ഇതിന്റെ തുക താൽക്കാലിക ജീവനക്കാർ നൽകണമെന്നും പറഞ്ഞതോടെ എല്ലാ താൽക്കാലിക ജീവനക്കാരും രാജിവയ്‌ക്കുകയായിരുന്നു. മുസ്ലിം ജീവനക്കാരോട് വർഗീയ വിവേചനം കാണിക്കുന്നതായും ആരോപണമുണ്ട്. ആദ്യം പിരിച്ചുവിട്ടതും മുസ്ലിം ജീവനക്കാരെയാണ്. മനുഷ്യാവകാശ കമീഷൻ പ്രശ്നത്തിൽ ഇടപെടണമെന്നാണ് ജീവനക്കാരുടെ ആവശ്യം.