പാനൂർ ബോംബ് നിർമാണക്കേസ്; പ്രതികൾക്ക് സഹായം നൽകിയവരെ തേടി പൊലീസ്, പ്രതികൾക്കെതിരെ കാപ്പ ചുമത്തിയേക്കും

Share our post

കണ്ണൂര്‍: പാനൂർ ബോംബ് നിർമാണക്കേസിൽ പ്രതികൾക്ക് സഹായം നൽകിയവരെ തേടി പൊലീസ്. പ്രാദേശിക ക്രിമിനൽ സംഘം സ്റ്റീൽ ബോംബ് നിർമിക്കാൻ പഠിച്ചത് എങ്ങനെയും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിപ്പട്ടികയിലുള്ളവർക്കെതിരെ കാപ്പ ചുമത്താൻ ശുപാർശ നൽകിയേക്കും.

രാഷ്ട്രീയ വിവാദങ്ങളും പൊട്ടിത്തെറിച്ച പാനൂർ കേസിൽ, നേരിട്ട് പങ്കാളിത്തമുള്ളവരെല്ലാം പൊലീസിന്‍റെ പിടിയിലായി. പന്ത്രണ്ട് പ്രതികളിൽ ഒരാൾ മരിച്ചു. മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. മുഖ്യ ആസൂത്രകനായ ഷിജാൽ, അക്ഷയ് എന്നിവരെ ഇന്നലെ അറസ്റ്റ് ചെയ്തു. ഒളിവിൽ പോകാൻ ഇവർക്ക് കൂടുതൽ പേരുടെ സഹായം കിട്ടിയെന്നാണ് നിഗമനം. ഉദുമൽപേട്ടയിലാണ് ഷിജാലുണ്ടായിരുന്നത്.

ബോംബ് നിർമാണത്തിനുള്ള വസ്തുക്കൾ ഇവർക്ക് എത്തിച്ചുനൽകിയത് ആരെന്നും സ്റ്റീൽ ബോംബുണ്ടാക്കാൻ പരിശീലനം എവിടുന്ന് കിട്ടിയെന്നും അന്വേഷിക്കുന്നുണ്ട്. രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ പകയാണ് ബോംബ് നിർമാണത്തിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തൽ. സി.പി.എം ആർ.എസ്എസ് അനുഭാവികളാണ് ഇരുസംഘത്തിലുമെങ്കിലും ഇവർ തമ്മിലുണ്ടായ സംഘർഷത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നും പൊലീസ് പറയുന്നു. ക്ഷേത്രോത്സവത്തിനിടെയും മറ്റിടങ്ങളിലും ഏറ്റുമുട്ടലുണ്ടായി. ചില ഉത്സവങ്ങൾ വരാനിരിക്കെയാണ് എതിരാളികളെ ലക്ഷ്യമിട്ട് ബോംബ് നിർമിച്ചത്.

അതേസമയം, പ്രതികളിൽ നിരവധി ക്രിമിനൽ കേസുകൾ ഉളളവർക്കെതിരെ കാപ്പ ചുമത്താനാണ് പൊലീസ് ശുപാർശ നൽകുക. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട ഡി.വൈ.എഫ്ഐ ഭാരവാഹികൾക്കെതിരെ കുറ്റം തെളിഞ്ഞാൽ മാത്രം നടപടിയെന്നാണ് സംഘടനയുടെ നിലപാട്. യൂണിറ്റ് ഭാരവാഹികളുണ്ടെന്ന് സംസ്ഥാന, ജില്ലാ നേതാക്കൾ സ്ഥിരീകരിച്ചെങ്കിലും പ്രാദേശിക നേതൃത്വം ഇപ്പോഴും അംഗീകരിച്ചിട്ടില്ല. സഹായിക്കാൻ എത്തിയവരെ പ്രതി ചേർത്തെന്നാണ് നിലപാട്. അതിനിടെ, കണ്ണൂരിൽ ബോംബ് കേസുകളിൽ പ്രതികളായവരെ കരുതൽ തടങ്കലിൽ വെക്കാൻ പൊലീസ് നടപടി തുടങ്ങി. സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം നൽകി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!