വേനലിൽ ദാഹമകറ്റി കുടുംബശ്രീയുടെ ‘ശീതളം’: 2000 കടന്ന് കുടിവെള്ള കണക‍്ഷൻ

Share our post

പയ്യന്നൂർ : പയ്യന്നൂരിലും പരിസരത്തും കുടിവെള്ളവിതരണം നടത്തി മാതൃകയാകുകയാണ് കുടുംബശ്രീയുടെ ശീതളം കുടിവെള്ള യൂണിറ്റ്. അഞ്ചുവർഷം മുൻപ് ആരംഭിച്ച സംരംഭം വിജയത്തിന്റെ പാതയിൽ മുന്നേറുകയാണ്.

രണ്ടായിരത്തോളം കുടിവെള്ള കണക്‌ഷനാണ് യൂണിറ്റിന്‌ കീഴിലുള്ളത്. വേനൽ കനത്തത്തോടെ കുടുംബശ്രീയുടെ ശുദ്ധീകരിച്ച കുടിവെള്ളത്തിന് ആവശ്യക്കാർ ഏറിയിട്ടുണ്ട്.

പ്രവർത്തനം ഇങ്ങനെ

നഗരസഭയുടെ കിണറിൽനിന്നുള്ള വെള്ളം ഫിൽറ്റർ ചെയ്ത് ശുദ്ധീകരിച്ചാണ് വിതരണംചെയ്യുന്നത്. ശീതളം കുടിവെള്ള യൂണിറ്റിനായി 12.75 ലക്ഷം രൂപ ചെലവിൽ ആർ.ഒ. പ്ലാന്റ് സ്ഥാപിച്ചു.

സുരക്ഷിതമായ സ്രോതസ്സിൽനിന്ന് പമ്പ് ചെയ്യുന്ന വെള്ളം ശാസ്ത്രീയമായ ക്ലോറിനേഷന്‌ ശേഷം ഡ്യൂവൽ മീഡിയ, അയൺ റിമൂവർ, ആക്ടീവ് കാർബൺ ഫിൽറ്റർ എന്നിവയിലൂടെ കടന്ന് രണ്ട് മൈക്രോൺ ഫിൽറ്ററുകൾ വഴി റിവേഴ്സ് ഓസ്മോസിസ് സാങ്കേതികവിദ്യയിലൂടെ പൂർണമായും ശുദ്ധീകരിക്കുന്നു.

20 ലീറ്റർ വെള്ളത്തിന് 50 രൂപ ഈടാക്കിയാണ് സ്ഥാപനങ്ങളിലും മറ്റും എത്തിക്കുന്നത്. ഇതിൽ മൂന്ന്‌ രൂപ നഗരസഭയ്ക്ക് ലഭിക്കും. ഒരു മണിക്കൂറിൽ 1000 ലിറ്റർ വെള്ളം റിവേഴ്സ് ഓസ്മോസിസ് സാങ്കേതികവിദ്യയിലൂടെ ശുദ്ധീകരിക്കാനുള്ളതാണ് പ്ലാന്റ്.

നാല് വനിതകൾ അടങ്ങിയ കുടുംബശ്രീ സംരംഭ യൂണിറ്റ്

 നാല് വനിതകൾ അടങ്ങിയ കുടുംബശ്രീ സംരംഭ യൂണിറ്റിനാണ് നടത്തിപ്പ് ചുമതല. കെ.വി.ലീന, നന്ദ സുരേന്ദ്രൻ, കെ.പ്രസീത, പി.ദിവ്യ എന്നിവരാണവർ. കുടിവെള്ളവിതരണത്തിലുള്ള ചൂഷണം തടയുക എന്ന ലക്ഷ്യവും പിന്നിലുണ്ട്. സ്ഥാപനങ്ങൾ, വീടുകൾ, വിവിധ വർക്ക് സൈറ്റുകൾ എന്നിവിടങ്ങളിലേക്കെല്ലാം വെള്ളം കൊണ്ടുപോകുന്നുണ്ട്. കുടുംബശ്രീ യൂണിറ്റിന്റെ വാഹനത്തിൽ എത്തിച്ചുനൽകുന്നുമുണ്ട്. നഗരസഭയിൽ വന്ന് എടുക്കുന്നവരുമുണ്ട്. 20 ലിറ്ററിന്റെ വലിയ ബോട്ടിലിലാണ് വിതരണം.

സാധാരണനിലയിൽ 120 മുതൽ 150 വരെ ദിനംപ്രതി ബോട്ടിലുകൾ ചെലവാകാറുണ്ട്. വേനൽച്ചൂട് കൂടിയതോടുകൂടി 180 മുതൽ 200-ഓളം ബോട്ടിലുകൾ വിതരണം ചെയ്യുന്നു. സ്വകാര്യ സ്ഥാപനങ്ങൾ വഴി വിൽക്കുന്ന വെള്ളത്തിന് 70 മുതൽ 80 രൂപ വരെ വാങ്ങുന്നുണ്ട്. നഗരസഭയുടെ വെള്ളത്തിന് 50 രൂപ മാത്രമാണ് ഈടാക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!