പുതിയ ഫൈന്റ് മൈ ഡിവൈസ് നെറ്റ്‌വർക്ക് അവതരിപ്പിച്ച് ഗൂഗിള്‍. കാണാതായ ഉപകരണങ്ങള്‍ കണ്ടെത്തുന്നതിന് വേണ്ടിയുള്ള സംവിധാനമാണിത്. നിലവില്‍ യു.എസ്., കാനഡ എന്നിവിടങ്ങളില്‍ മാത്രമാണ് പുതിയ ഫൈന്റ് മൈ ഡിവൈസ് നെറ്റ്‌വർക്ക് അവതരിപ്പിച്ചിരിക്കുന്നക്. താമസിയാതെ തന്നെ ആഗോള തലത്തില്‍ ലഭ്യമാക്കും.
ആന്‍ഡ്രോയിഡ് 9-ലോ അതിന് ശേഷം പുറത്തിറങ്ങിയ ഓ.എസോ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകളും അനുബന്ധ ഉപകരണങ്ങളും കണ്ടെത്താന്‍ ഇതുവഴി സാധിക്കും. ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലെങ്കിലും ഫൈന്റ് മൈ ഡിവൈസ് ഉപയോഗിച്ച് ഉപകരണങ്ങള്‍ കണ്ടെത്താം എന്നതാണ് പുതിയ അപ്‌ഡേറ്റിന്റെ സവിശേഷത.
എങ്ങനെയാണ് ഇതിന്റെ പ്രവര്‍ത്തനം
ആപ്പിളിന്റെ ഫൈന്റ് മൈ നെറ്റ്‌വർക്ക് പ്രവര്‍ത്തിക്കുന്നതിന് സമാനമാണിത്. എന്നാല്‍ ആന്‍ഡ്രോയിഡിന്റെ ജനപ്രീതിവെച്ച് ഗൂഗിളിന്റെ ഫൈന്റ് മൈ ഡിവൈസ് ആയിരിക്കും കൂടുതല്‍ ഫലപ്രദം.
ഉദാഹരണത്തിന് ഒരു ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് നഷ്ടമായെന്നു കരുതുക. ആ ഹെഡ്‌സെറ്റ് എവിടെയാണോ അതിനടുത്തൂകൂടി ഒരു ആന്‍ഡ്രോയിഡ് ഫോണ്‍ ഉടമ സഞ്ചരിച്ചാല്‍ അയാളുടെ ഫോണിലേക്ക് ഹെഡ്‌സെറ്റിന്റെ ലൊക്കേഷന്‍ വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുകയും അത് ഫൈന്റ് മൈ നെറ്റ്‌വർക്കിന്റെ സഹായത്തോടെ ഹെഡ്‌സെറ്റിന്റെ ഉടമയ്ക്ക് ഓണ്‍ലൈനായി കണ്ടെത്താന്‍ സാധിക്കുകയും ചെയ്യുന്നു. ആന്‍ഡ്രോയിഡിന് വലിയ സ്വീകാര്യതയുള്ളതിനാല്‍ ഈ സംവിധാനത്തിന് കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാനാവുന്നു.
ആന്‍ഡ്രോയിഡ് ഫോണ്‍ ഉടമ ഈ നെറ്റ്‌വർക്കിന്റെ ഭാഗമാവാന്‍ സമ്മതമറിയിച്ചാല്‍ മാത്രമേ ആ ഫോണ്‍ നെറ്റ്‌വർക്കിന് വേണ്ടി ഉപയോഗിക്കൂ. എന്‍ക്രിപ്റ്റ് ചെയ്ത ലൊക്കേഷന്‍ ഡാറ്റയാണ് ഇതുവഴി കൈമാറ്റം ചെയ്യുക. നെറ്റ്‌വർക്കിന്റെ ഭാഗമാവുന്ന ആന്‍ഡ്രോയിഡ് ഉപകരണങ്ങളുടെ വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടില്ല.
താമസിയാതെ കൂടുതല്‍ ഉപകരണങ്ങളില്‍
പിക്‌സല്‍ 8, പിക്‌സല്‍ 8 പ്രോ ഉടമകള്‍ക്ക് ഫോണ്‍ ഓഫ് ആണെങ്കിലും ഫൈന്റ് മൈ ഡിവൈസ് വഴി അവ കണ്ടെത്താനാവും. ഇതിനായി പ്രത്യേകം ഹാര്‍ഡ് വെയര്‍ ഫോണുകളില്‍ ഉപയോഗിച്ചിട്ടുണ്ട്. മേയ് മുതല്‍ കീകള്‍, വാലറ്റുകള്‍, ബ്ലൂടൂത്ത് ട്രാക്കറുകളുള്ള ലഗേജുകള്‍ എന്നിവയെല്ലാം ഈ രീതിയില്‍ കണ്ടെത്താനാവുമെന്ന് കമ്പനി പറഞ്ഞു. താമസിയാതെ തന്നെ യുഫി, ജിയോ, മോട്ടോറോള തുടങ്ങിയ കമ്പനികള്‍ ബ്ലൂടൂത്ത് ട്രാക്കറുകള്‍ അവതരിപ്പിക്കും. ബ്ലൂടൂത്ത് ടാഗുകള്‍ ഉപയോഗിച്ച് വ്യക്തികളെ ട്രാക്ക് ചെയ്യുന്നത് തടയുന്നതിനായി അണ്‍നൗണ്‍ ട്രാക്കര്‍ അലര്‍ട്ട് സംവിധാനവും ഇതിലുണ്ട്. പുതിയ ഫൈന്റ് മൈ ഡിവൈസ് നെറ്റ്‌വർക്ക് പിന്തുണയ്ക്കുന്ന ജെബിഎല്‍, സോണി പോലുള്ള ബ്രാന്‍ഡുകളുടെ ഹെഡ്‌ഫോണുകളും താമസിയാതെ പുറത്തിറങ്ങുമെന്നും ഗൂഗിള്‍ വ്യക്തമാക്കി.