വിഷു പൂജകള്‍ക്കായി ശബരിമല ഏപ്രില്‍ പത്തിന് തുറക്കും
മേടമാസ-വിഷു പൂജകള്‍ക്കായി ശബരിമല ക്ഷേത്രം ഏപ്രില്‍ പത്തിന് വൈകിട്ട് അഞ്ചിന് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ ക്ഷേത്രം മേല്‍ശാന്തി പി.എന്‍. മഹേഷ് നമ്പൂതിരി ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിക്കും. ഗണപതി, നാഗര്‍ എന്നീ ഉപദേവത ക്ഷേത്രനടകളും മേല്‍ശാന്തി തുറന്ന് വിളക്കുകള്‍ തെളിക്കും.
പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയില്‍ അഗ്‌നി പകര്‍ന്ന് കഴിഞ്ഞാല്‍ അയ്യപ്പഭക്തര്‍ക്ക് പതിനെട്ടാം പടി കയറി അയ്യനെ കണ്ടുതൊഴാനാകും. മാളികപ്പുറം മേല്‍ശാന്തി മുരളി നമ്പൂതിരി മാളികപ്പുറം ക്ഷേത്ര നടതുറന്ന് ഭക്തര്‍ക്ക് മഞ്ഞള്‍പ്പൊടി പ്രസാദം വിതരണം ചെയ്യും.
നട തുറക്കുന്ന ദിവസം പ്രത്യേക പൂജകള്‍ ഒന്നും തന്നെ ഇരു ക്ഷേത്രങ്ങളിലും ഉണ്ടാവില്ല. 11ന് പുലര്‍ച്ചെ അഞ്ചിന് ക്ഷേത്രനട തുറക്കും. പതിനൊന്നാം തീയതി മുതല്‍ നെയ്യഭിഷേകം ഉണ്ടായിരിക്കും. മേടം ഒന്നായ ഏപ്രില്‍ 14ന് പുലര്‍ച്ചെ മൂന്നിന് തിരുനട തുറക്കും. തുടര്‍ന്ന് വിഷുക്കണി ദര്‍ശനവും കൈനീട്ടം നല്‍കലും. പിന്നീട് പതിവ് അഭിഷേകവും നെയ്യഭിഷേകവും ഗണപതി ഹോമവും നടക്കും. പൂജകള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ 18ന് നട അടക്കും.