പാചകം പുഴക്കരയിൽ: കുടിവെള്ളം കിട്ടാതെപെരുന്താനം കോളനിക്കാർ

കേളകം : വേനൽ കടുത്തതോടെ കേളകം പഞ്ചായത്തിലെ പെരുന്താനം കോളനിയിൽ കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുകയാണ്. കോളനിയിലെ മുപ്പതിലധികം കുടുംബങ്ങൾ കുടിവെള്ളക്ഷാമത്താൽ പ്രതിസന്ധിയിലായിരിക്കുകയാണ്.
കോളനിയിൽ വെള്ളത്തിന് പഞ്ചായത്ത് കിണറുണ്ടെങ്കിലും ചൂട് കൂടിയതോടെ വെള്ളം തീർത്തും കുറഞ്ഞു. കലങ്ങിയ വെള്ളമാണ് ലഭിക്കുന്നതും. മഴ ലഭിച്ചില്ലെങ്കിൽ ഏതാനും ദിവസത്തിനുള്ളിൽ കിണർ പൂർണമായി വറ്റും.
കോളനിയിലേക്ക് വെള്ളം ലഭിക്കുന്നതിനായി ജല അതോറിറ്റിയുടെ പൈപ്പ് കണക്ഷനുമുണ്ട്. എന്നാൽ പൈപ്പിൽ വെള്ളം വന്നിട്ട് നാളുകളേറെയായെന്നാണ് കോളനിക്കാർ പറയുന്നത്. പുഴയോരത്തുള്ള കുളത്തിൽനിന്നായിരുന്നു കോളനിയിലേക്ക് ആവശ്യമായ വെള്ളം ജല അതോറിറ്റിയുടെ ടാങ്കിലേക്ക് അടിച്ചിരുന്നത്. വെള്ളപ്പൊക്കത്തിൽ കുളം നശിക്കുകയും മോട്ടോർ കേടാകുകയും ചെയ്തതോടെയാണ് ജലവിതരണം നിലച്ചത്.
അടുത്തകാലത്ത് കുളം വൃത്തിയാക്കുകയും മോട്ടോർ നന്നാക്കുകയും ചെയ്തു. പുഴയിലെ ജലനിരപ്പ് താഴ്ന്നതോടെ കുളത്തിലെ വെള്ളവും വറ്റി. കുടിവെള്ളക്ഷാമവും കടുത്ത ചൂടും കാരണം കോളനിക്കാർ പലരും ഇപ്പോൾ പുഴക്കരയിലാണ് പകൽ ചെലവഴിക്കുന്നത്.
പുഴയോരത്ത് തന്നെയാണ് പാചകംചെയ്യുന്നതും. കുടിവെള്ളത്തിനായി പുഴക്കരയിൽ ചെറിയ കുഴികളെടുക്കും. അതിൽനിന്ന് ലഭിക്കുന്ന വെള്ളമാണ് കുടിക്കാനും ഭക്ഷണം പാകംചെയ്യാനും ഉപയോഗിക്കുന്നത്. മറ്റാവശ്യങ്ങൾക്ക് പുഴയിലെ വെള്ളവും ഉപയോഗിക്കും.
കഴിഞ്ഞ വേനൽക്കാലത്തും സമാനമായ പ്രതിസന്ധിയുണ്ടായിരുന്നു.
അന്ന് പഞ്ചായത്ത് കുടിവെള്ളം എത്തിച്ചുനൽകുകയാണ് ചെയ്തത്.
കോളനിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനായി ഇത്തവണയും പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടിവെള്ളമെത്തിക്കാൻ തുടങ്ങിയിട്ടുണ്ട്.