പുകച്ചുതള്ളിയാൽ പിടി ഉറപ്പ്, പരിശോധനയിൽ ഇനി ഓൾപ്പാസില്ല; പിടിമുറുക്കി കേന്ദ്രം

പുകപരിശോധനയ്ക്ക് എത്തുന്ന വാഹനങ്ങളെല്ലാം വിജയിക്കുന്ന രീതി ഇനിയുണ്ടാവില്ല. കേന്ദ്രചട്ടപ്രകാരം സംസ്ഥാനത്തെ പെട്രോള്‍ വാഹനങ്ങളുടെ പുകപരിശോധന പരിഷ്‌കരിച്ച മാര്‍ച്ച് 17 മുതല്‍ 31 വരെ 91.15 ശതമാനം വാഹനങ്ങളാണ് വിജയിച്ചത്. 8.85 ശതമാനം പരാജയപ്പെട്ടു. 1.6 ശതമാനമായിരുന്നു മുമ്പ് പരാജയപ്പെട്ടിരുന്നത്.
പഴയ സംവിധാനത്തില്‍ ആദ്യ രണ്ടാഴ്ച അഞ്ചുലക്ഷം വാഹനങ്ങള്‍ പരിശോധിച്ചപ്പോള്‍ 8128 എണ്ണമാണ് പരാജയപ്പെട്ടത്. മാര്‍ച്ച് 17-നുശേഷം പുതിയ രീതിയില്‍ 4,11,862 വാഹനങ്ങള്‍ പരിശോധിച്ചപ്പോള്‍ പരാജയനിരക്ക് 35,574 ആയി.
അന്തരീക്ഷ മലിനീകരണ തോത് കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ബി.എസ്. 4 പെട്രോള്‍ ഇരുചക്ര-നാലുചക്ര വാഹനങ്ങളില്‍ ബഹിര്‍ഗമന വാതകങ്ങളുടെ അളവ് വിശകലനം (കാര്‍ബണ്‍മോണോക്‌സൈഡ് കറക്ഷന്‍) ചെയ്യുന്നത്. ഇന്ധനജ്വലനത്തില്‍ പോരായ്മയുണ്ടെങ്കില്‍ വാഹനങ്ങള്‍ പുക പരിശോധനയില്‍ പരാജയപ്പെടും. എയര്‍ഫില്‍ട്ടര്‍, സ്പാര്‍ക്ക് പ്ലഗ്, എന്നിവ കൃത്യമായ ഇടവേളകളില്‍ മാറാതിരിക്കുമ്പോഴും, കാര്‍ബറേറ്ററില്‍ അടവുണ്ടാകുമ്പോഴും മലിനീകരണത്തോത് കൂടും. ഇന്ധനക്ഷമത കുറയുന്നതുവഴി വാഹന ഉടമയ്ക്ക് സാമ്പത്തിക നഷ്ടവുമുണ്ടാകും.
പരാജയപ്പെടുന്ന വാഹനങ്ങളുടെ സാങ്കേതികപ്പിഴവ് പരിഹരിച്ച് വീണ്ടുമെത്തിച്ചാല്‍ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. പുക പരിശോധന പാസായില്ലെങ്കില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നഷ്ടമാകും. സര്‍ട്ടിഫിക്കറ്റില്ലാതെ പിടിക്കപ്പെട്ടാല്‍ 1500 രൂപ പിഴ നല്‍കേണ്ടിവരും.