അയല്‍വാസിയെ കുത്തിക്കൊന്ന കേസിൽ ജീവപര്യന്തം തടവ്

Share our post

മഞ്ചേരി: വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് അയല്‍വാസിയെ ബസ്‌ കാത്തിരിപ്പുകേന്ദ്രത്തില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. കുറ്റിപ്പുറം കൈതൃക്കോവില്‍ പുത്തന്‍കാട്ടില്‍ അബ്ദുള്‍ലത്തീഫിനെ(45) കൊലപ്പെടുത്തിയ കേസില്‍ നടുവട്ടം തൈക്കാട്ടില്‍ അബൂബക്കറിനെയാണ്(56) അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എ.വി. ടെല്ലസ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കഠിന തടവ് അനുഭവിക്കണം.

2018 ഏപ്രില്‍ 25 -നായിരുന്നു കൊലപാതകം. രാത്രി എട്ടുമണിയോടെ കൈതൃക്കോവിലെ ബസ്‌കാത്തിരിപ്പുകേന്ദ്രത്തില്‍വെച്ച് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് പ്രതി ലത്തീഫിനെ കുത്തിക്കൊലപ്പെടുത്തിയെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്. ലത്തീഫിന്റെ ശരീരത്തില്‍ പതിനെട്ടോളം കുത്തുകളേറ്റിരുന്നു.

ഗുരുതരാവസ്ഥയിലായ ലത്തീഫിനെ നാട്ടുകാര്‍ തിരൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂന്നുവര്‍ഷം മുന്‍പ് നൊട്ടനാലുക്കല്‍ വേലക്കിടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്നുണ്ടായ വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തിരൂര്‍ സി.ഐ. ആയിരുന്ന സി. ബഷീറാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 26 സാക്ഷികളെ വിസ്തരിച്ചു. 38 രേഖകളും 17 തൊണ്ടിമുതലും കോടതി തെളിവായി സ്വീകരിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക്v പ്രോസിക്യൂട്ടര്‍ അഡ്വ.കെ.പി. ഷാജു ഹാജരായി. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!