കുട്ടികളുടെ അഭിരുചി അറിയാം : കൈവിരലുകളിൽ വ്യാജപരിശോധനയ്ക്ക് പ്രചാരമേറുന്നു

വിരലടയാള പരിശോധന വഴി വിദ്യാർഥികളുടെ ഭാവി സ്വഭാവസവിശേഷതകളും അനുയോജ്യമായ ജോലിമേഖലയും ഏതെന്നു ‘പ്രവചിക്കുന്ന’ ഡെർമറ്റോഗ്‌ളൈഫിക് മൾട്ടിപ്പിൾ ഇന്റലിജൻസ് ടെസ്റ്റിന് (ഡി.എം.ഐ.ടി.) വീണ്ടും പ്രചാരമേറുന്നു. അശാസ്ത്രീയമെന്ന് ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി (ഐ.പി.എസ്.) 2019-ൽതന്നെ വ്യക്തമാക്കിയ ടെസ്റ്റാണ് ഒരിടവേളയ്ക്കുശേഷം മടങ്ങിയെത്തുന്നത്.
കുട്ടികളുടെ വിരലടയാളം രേഖപ്പെടുത്തി, തലച്ചോറിലെ നോഡുകളുമായുള്ള ബന്ധം പഠിക്കുകയാണ് ചെയ്യുന്നതെന്നാണ് ടെസ്റ്റ് നടത്തുന്ന ഏജൻസികൾ അവകാശപ്പെടുന്നത്. സ്കാനർ ആപ്പുകൾ വഴിയോ നിശ്ചിത കള്ളികളുള്ള പ്രത്യേക കടലാസിലോ ഓരോ വിരലിന്റെയും അടയാളം രേഖപ്പെടുത്താനാണ് ഏജൻസികൾ ആദ്യം ആവശ്യപ്പെടുക. തുടർന്ന്, പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌വേറിലൂടെ കൈവിരലിലെ ‘റിഡ്ജ് പാറ്റേണു’കളും ‘ബ്രെയിൻ നോഡു’കളും തമ്മിലുള്ള ബന്ധം പഠിക്കും.
ഒരാൾ ഏതു മേഖലയിൽ ശോഭിക്കാനാണ് കൂടുതൽ സാധ്യതയെന്ന് ഈ പഠനത്തിലൂടെ വ്യക്തമാകുമെന്നാണ് ഇവർ പറയുന്നത്. പെരുവിരലിലെ വരകൾ തലച്ചോറിലെ ഫ്രണ്ടൽ ലോബുമായി താരതമ്യംചെയ്ത് ഒരാളുടെ നേതൃപാടവം അളക്കാമെന്നാണ് അവകാശവാദം. ചൂണ്ടുവിരലിലെ വരകളിൽനിന്ന് ഭാവനാസമ്പത്തും നടുവിരലിലെ വരകളിൽനിന്ന് ശാരീരികക്ഷമതയും അളക്കും. മോതിരവിരലിലെ വരകൾ സൂചിപ്പിക്കുന്നത് ഭാഷാപരമായ കഴിവുകളും സംവേദനക്ഷമതയുമാണെന്നും ചെറുവിരലിലെ വരകൾ ഒരാളുടെ സൗന്ദര്യബോധവും വായനക്ഷമതയും വ്യക്തമാക്കുമെന്നുമാണ് ടെസ്റ്റിന്റെ പ്രചാരകർ പറയുന്നത്. ടെസ്റ്റിനു പിന്നാലെ, ചില പ്രത്യേക ധ്യാനമുറകളിലൂടെ തലച്ചോറിനെ കൂടുതൽ ഉണർത്താൻ സാധിക്കുമെന്നും അവകാശവാദമുണ്ട്.
എന്നാൽ, ഒരുവിധ ശാസ്ത്രീയ അടിത്തറയുമില്ലാത്ത പഠനരീതിയാണ് ഇതെന്നാണ് വിദഗ്ധാഭിപ്രായം. ഹസ്തരേഖാവായനയുടെ പുതിയ പതിപ്പുമാത്രമാണ് ഡി.എം.ഐ. ടെസ്റ്റ് എന്നും വിമർശനമുണ്ട്. ഓരോ കുട്ടിയിൽനിന്നും 3,000 മുതൽ 5,000 രൂപവരെ വാങ്ങിയാണ് ടെസ്റ്റ് നടത്തുന്നത്. വിദ്യാലയങ്ങളെ കാൻവാസ്ചെയ്ത് കൂട്ടപരിശോധന നടത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.