നികുതി പിരിവിൽ ആന്തൂർ നഗരസഭ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത്

Share our post

തളിപ്പറമ്പ്: 2023-24 സാമ്പത്തിക വർഷത്തിൽ വസ്‌തു നികുതി പിരിവിൽ ആന്തൂർ നഗരസഭ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആകെ 2.28 കോടി രൂപയിൽ 1.87 കോടി രൂപ നഗരസഭ മാർച്ച് 31 വരെ പിരിച്ചെടുത്തു. നഗരസഭയുടെ ആകെ നികുതി പിരിവ് 82.28 ശതമാനമാണ്. മുഴുവൻ വീടുകളിലും ഡിമാന്റ് നോട്ടീസ് വിതരണം ചെയ്യുകയും വാർഡ് തോറും പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ച് നികുതി പിരിവ് ഊർജിതമാക്കുകയും ചെയ്‌തതിന്റെ ഫലമായാണ് നഗരസഭയ്ക്ക് ഈ നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന് ചെയർമാൻ പി.മുകുന്ദൻ അറിയിച്ചു.

2024 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ വാർഷിക പദ്ധതി വിനിയോഗത്തിൽ നഗരസഭ സംസ്ഥാനതലത്തിൽ 4-ാം സ്ഥാനവും, ജില്ലാ തലത്തിൽ 2-ാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു. ആകെ 7.41 കോടി രൂപയിൽ 6.39 കോടി രൂപയും മാർച്ച് 31 ന് മുമ്പായി ചെലവഴിക്കുന്നതിന് നഗരസഭയ്ക്ക് സാധിച്ചു. കൂടാതെ പ്ലാൻ ഫണ്ട് ഇനത്തിൽ 80.94 ലക്ഷം രൂപ ഉൾപ്പെടെ ആകെ 2 കോടി 89 ലക്ഷം രൂപ നിലവിൽ ട്രഷറിയിൽ നിന്നും പാസ്സാകാൻ ബാക്കിയുണ്ട്.

2023 24 സാമ്പത്തിക വർഷത്തിൽ നഗരസഭ നടപ്പിലാക്കിയ പ്രധാന പദ്ധതികളിൽ ബക്കളം കുളം നവീകരണം, വനിത ഫിറ്റ്നസ് സെന്റർ നിർമ്മാണം. ജൈവ മാലിന്യ സംസ്ക്കരണത്തിനുള്ള വിൻഡോ കമ്പോസ്റ്റ് യൂണിറ്റ് നിർമ്മാണം, ലൈബ്രറികൾക്ക് പുസ്തക വിതരണം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഫർണിച്ചർ- കമ്പ്യൂട്ടർ വിതരണം, 1050 വീടുകളിൽ റിംഗ് കമ്പോസ്റ്റ് വിതരണം എന്നിവ ഉൾപ്പെടുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!