ടൂറിസം, റവന്യൂ അധികൃതർ സ്ഥലം സന്ദർശിച്ചു: സ്ട്രീറ്റ് ടൂറിസം പദ്ധതിയിൽ അഞ്ചരക്കണ്ടിയും

അഞ്ചരക്കണ്ടി: സ്ട്രീറ്റ് ടൂറിസം മേഖലയിലേക്ക് പുതിയ കാൽവെപ്പിന് ഒരുങ്ങുകയാണ് അഞ്ചരക്കണ്ടി. കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്വ ടൂറിസം പദ്ധതിയുമായി ബന്ധപ്പെടുത്തിയാണ് അഞ്ചരക്കണ്ടിയിൽ സ്ട്രീറ്റ് ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്തിലെ മൂഴിക്കര പ്രദേശം ഉൾപ്പെടെ നിരവധി കേന്ദ്രങ്ങൾ ഉൾക്കൊള്ളിച്ചാണ് പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്.
ജില്ലയിൽ അഞ്ചരക്കണ്ടി, പിണറായി പഞ്ചായത്തുകളാണ് സ്ട്രീറ്റ് ടൂറിസം പദ്ധതി നടപ്പാക്കാനായി തിരഞ്ഞെടുത്തത്. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ടൂറിസം സാധ്യതകളെക്കുറിച്ച് സർവേ നടത്തി. ഇതിന് മുന്നോടിയായി പ്രത്യേക ടൂറിസം ഗ്രാമസഭ, ടൂറിസം റിസോഴ്സ് ഡയരക്ടറി രൂപവത്‌കരണം എന്നിവയും പഞ്ചായത്തിൽ നടത്തി.
അഞ്ചരക്കണ്ടി-പാളയം റോഡിൽ അഞ്ചരക്കണ്ടിപ്പുഴയോടും മാമ്പത്തോടിനോടും ചേർന്നുനിൽക്കുന്ന മൂഴിക്കര പ്രദേശം, പലേരി അമ്പലം മഹാശിവക്ഷേത്രം, മാമ്പ വിളയാറോട്ട് മഹാവിഷ്ണു ക്ഷേത്രം, മാമ്പ സിയാറുത്തുങ്കര മഖാം, വിദേശ ആധിപത്യ കാലത്തിന്റെ സ്മരണകളുണർത്തുന്ന കറപ്പത്തോട്ടം, വിവിധ ആരാധനാലയങ്ങൾ, അനുഷ്ഠാന കലാരൂപങ്ങളായ തെയ്യം കെട്ടിയാടുന്ന പാലക്കീഴ് ഭഗവതി ക്ഷേത്രം, തിറകൾ നടക്കുന്ന ക്ഷേത്രങ്ങൾ, ജൈവ കാർഷിക കേന്ദ്രങ്ങൾ, കർഷകരിൽനിന്ന് നേരിട്ട് തേങ്ങ ശേഖരിച്ച് വിവിധ ഉത്‌പന്നങ്ങൾ ഉണ്ടാക്കുന്ന നാളികേര സംസ്കരണ ഫാക്ടറി, ക്ഷീരോത്‌പാദക രംഗത്തെ സംരഭമായ അഞ്ചരക്കണ്ടി ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ഫാക്ടറി, അമ്പനാട് മുരിങ്ങേരിയിലെ അരീക്കൽ വെള്ളച്ചാട്ടം തുടങ്ങി ഒട്ടനവധി കേന്ദ്രങ്ങളെ ടൂറിസവുമായി ബന്ധിപ്പിച്ചുകൊണ്ടാണ് സ്ട്രീറ്റ് ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്.
നാടിന്റെ സാംസ്കാരവും ജൈവ സംസ്കൃതിയും നിലനിൽക്കുന്ന കേന്ദ്രങ്ങളെയും ടൂറിസവുമായി ബന്ധിപ്പിക്കും. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴിയും മറ്റും ഇവിടെയെത്തുന്ന ടൂറിസ്റ്റുകളെ പഞ്ചായത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതിയും തയ്യാറാക്കും.
പഞ്ചായത്തിലെ വയലേലകളും അഞ്ചരക്കണ്ടിപ്പുഴയോരവും സ്ട്രീറ്റ് ടൂറിസം പദ്ധതിയിൽപ്പെടും. ഹോം സ്റ്റേകൾ, നവീകരിച്ച തെരുവുകൾ, മൂഴിക്കര ഭാഗത്ത് തയ്യാറാക്കുന്ന പാർക്കുകൾ തുടങ്ങി ഈ മേഖലയിൽ ഒട്ടനവധി മാറ്റങ്ങൾ ഇതിന്റെ ഭാഗമായി ഉണ്ടാകും.
സ്ട്രീറ്റ് ടൂറിസം പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിന് പഞ്ചായത്ത് പരിധിയിലെ താത്‌പര്യമുള്ള വ്യക്തികൾക്ക് കുമരകത്ത് മൂന്നുദിവസത്തെ റസിഡൻഷ്യൽ പരിശീലനവും നൽകുന്നുണ്ട്.
ഏപ്രിൽ, മേയ് മാസത്തിനുള്ളിൽ പരിശീലനം നടക്കും. നാടിന്റെ പൈതൃക മൂല്യങ്ങളെയും പ്രാദേശിക ഉത്പന്നങ്ങളെയും ടൂറിസവുമായി ബന്ധിപ്പിക്കുന്നതിലൂടെ ഗ്രാമീണ ജനതയുടെ ജീവിതനിലവാരത്തിലും മാറ്റം വരും.