കേന്ദ്രസർവീസിലെ ജൂനിയർ എൻജിനീയർമാരെ തിരഞ്ഞെടുക്കുന്നതിനായി നടത്തുന്ന പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എസ്.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലുമായി 968 ഒഴിവുണ്ട്. സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ വിഭാഗങ്ങളിലാണ് അവസരം. എൻജിനീയറിങ് ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം. തിരഞ്ഞെടുപ്പിൻ്റെ ഭാഗമായുള്ള ഒന്നാംഘട്ട കംപ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ ജൂൺ നാലുമുതൽ ആറുവരെ നടത്തും. കേരളത്തിൽ അഞ്ച് പരീക്ഷാകേന്ദ്രങ്ങളുണ്ടായിരിക്കും.
ശമ്പളം: 35,400 – 1,12,400 രൂപ.
വകുപ്പുകൾ/സ്ഥാപനങ്ങൾ: ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ, ബ്രഹ്‌മപുത്ര ബോർഡ്, സെൻട്രൽ വാട്ടർ കമ്മിഷൻ, സെൻട്രൽ പബ്ലിക് വർക്സ‌് ഡിപ്പാർട്ട്മെന്റ്റ്, സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷൻ, ഡി.ജി.ക്യു.എ- നേവൽ (പ്രതിരോധവകുപ്പ്), ഫറാക്കാ ബാരേജ് പ്രോജക്‌ട്, മിലിട്ടറി എൻജിനീയർ സർവീസസ്, നാഷണൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷൻ.
യോഗ്യത (വകുപ്പുകൾ/സ്ഥാപനങ്ങൾ തിരിച്ച്):
ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ: സിവിൽ/ഇലക്ട്രിക്കൽ/ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം. അല്ലെങ്കിൽ, സിവിൽ/ ഇലക്ട്രിക്കൽ/മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമയും സിവിൽ/പ്ലാനിങ്/എക്‌സിക്യൂഷൻ/മെയിൻ്റനൻസിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.
ബ്രഹ്‌മപുത്ര ബോർഡ്: സിവിൽ എൻജിനീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമ.
സെൻട്രൽ വാട്ടർ കമ്മിഷൻ: സിവിൽ/മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം/ഡിപ്ലോമ.
സെൻട്രൽ പബ്ലിക് വർക്‌സ് ഡിപ്പാർട്ട്മെൻ്റ്: സിവിൽ/ഇലക്ട്രിക്കൽ/ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.
സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷൻ: സിവിൽ/ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.
ഡി.ജി.ക്യു.എ- നേവൽ (പ്രതിരോധമന്ത്രാലയം): മെക്കാനിക്കൽ/ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം. അല്ലെങ്കിൽ, മെക്കാനിക്കൽ/ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.
ഫറാക്കാ ബാരേജ് പ്രോജക്‌ട്: സിവിൽ/ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.
മിലിട്ടറി എൻജിനീയർ സർവീസസ്: സിവിൽ/ഇലക്ട്രിക്കൽ/മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം. അല്ലെങ്കിൽ, സിവിൽ/ഇലക്ട്രിക്കൽ/ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമയും പ്ലാനിങ്/ എക്‌സിക്യൂഷൻ/മെയിൻ്റനൻസിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.
നാഷണൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷൻ: സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.
പ്രായം: 2024 ഓഗസ്റ്റ് ഒന്നിന് 30 വയസ്സ് കവിയരുത്. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവുണ്ട്. ഭിന്നശേഷിക്കാർക്ക് ജനറൽ-പത്തുവർഷം, എസ്.സി., എസ്.ടി.-15 വർഷം, ഒ.ബി.സി.-13 വർഷം എന്നിങ്ങനെയാണ് വയസ്സിളവ്. വിമുക്തഭടന്മാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
പരീക്ഷ: കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക് രണ്ട് പേപ്പറുകളുണ്ടാവും.
ഒന്നാംപേപ്പർ 2024 ജൂൺ നാലുമുതൽ ആറുവരെ നടത്താനാണ് ഇപ്പോൾ നിശ്ചയിച്ചിട്ടുണ്ട്. രണ്ടാംപേപ്പറിന്റെ തീയതി നിശ്ചയിച്ചിട്ടില്ല. രണ്ടുമണിക്കൂറായിരിക്കും പരീക്ഷാസമയം. ഒബ്‌ജക്‌ടീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്‌സ് മാതൃകയിലായിരിക്കും ചോദ്യങ്ങൾ. ചോദ്യങ്ങൾ ഇംഗ്ലീഷിലും ഹിന്ദിയിലും ലഭിക്കും. തെറ്റുത്തരത്തിന് ഒന്നാംപേപ്പറിൽ നാലിലൊന്ന് നെഗറ്റീവ് മാർക്കുണ്ടായിരിക്കും. വിശദമായ സിലബസ് വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ ലഭിക്കും.
പരീക്ഷാകേന്ദ്രങ്ങൾ: ബെംഗളൂരു ആസ്ഥാനമായുള്ള കർണാടക, കേരള റീജനിലാണ് (കെ.കെ.ആർ.) കേരളവും ലക്ഷദ്വീപുമുൾപ്പെടുന്നത്. കേരളത്തിൽ എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ടാവും. ഉദ്യോഗാർഥിക്ക് ഒരേ റീജനിലെ മൂന്ന് പരീക്ഷാകേന്ദ്രങ്ങൾ മുൻഗണനാക്രമത്തിൽ അപേക്ഷയിൽ രേഖപ്പെടുത്താം. പിന്നീട് മാറ്റാനാവില്ല.
ഫീസ്: 100 രൂപ. ഓൺലൈനായി അടയ്ക്കണം. വനിതകൾക്കും എസ്.സി., എസ്.ടി. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും ഫീസ് ബാധകമല്ല.
അപേക്ഷ: വിശദവിവരങ്ങൾ https://ssc.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഇതേ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയശേഷമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയോടൊപ്പം ഒപ്പ്, ലൈവ് ഫോട്ടോ, എന്നിവ വിജ്ഞാപനത്തിൽ നിർദേശിച്ച മാതൃകയിൽ അപ്ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 18 (രാത്രി 11 മണി). അപേക്ഷയിൽ തെറ്റുണ്ടെങ്കിൽ ഏപ്രിൽ 22, 23 തീയതികളിൽ ഫീസോടുകൂടി തിരുത്തൽ വരുത്താം.