ജിയോ ടെക്സ്റ്റൈൽ–ജിയോ സെൽ ഉപയോഗിച്ച് റോഡ് നിർമാണം; കേരളത്തിൽ ആദ്യം 

Share our post

കേച്ചേരി: സംസ്‌ഥാനത്ത് ആദ്യമായി ജിയോ ടെക്സ്റ്റൈൽ – ജിയോ സെൽ ഉപയോഗിച്ചുള്ള നവീകരണം കേച്ചേരി- അക്കിക്കാവ് ബൈപാസിൽ ആരംഭിച്ചു. കെ.ആർ.എഫ്.ബി.യുടെ മേൽനോട്ടത്തിൽ ബാബ് കൺസ്ട്രക്‌ഷൻ കമ്പനിയാണ് നിർമാണം നടത്തുന്നത്. 1.2 കിലോമീറ്റർ നീളത്തിലും ഒൻപത് മീറ്ററോളം വീതിയിലും മണ്ണ് ബലപ്പെട്ടെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് ജിയോ ടെക്‌സ്‌റ്റൈൽ വിരിക്കുന്നത്. അസംസ്കൃത വസ്‌തുക്കളുടെ ഉപയോഗം കുറയ്ക്കുന്നതുമൂലം ഇത് പരിസ്‌ഥിതിക്ക് ചേർന്നതുമാണ്.

കുന്നംകുളം – മണലൂർ നിയോജക മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന ബൈപാസിന് 9.88 കിലോമീറ്റർ നീളമാണുള്ളത്. നവീകരണം പൂർത്തിയാകുന്നതോടെ തൃശൂരിൽ നിന്ന് വടക്കോട്ടു പോകുന്നവർക്ക് കുന്നംകുളം നഗരത്തിലെ തിരക്ക് ഒഴിവാക്കുകയും നാല് കിലോമീറ്ററോളം ദൂരം ലാഭിക്കുകയും ചെയ്യാം. ചിറനെല്ലൂർ കൂമ്പുഴ ഭാഗങ്ങളിലെ റോഡിൻ്റെ അടിത്തറ ബലപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഇന്ത്യൻ റോഡ് കോൺഗ്രസ് അംഗീകരിച്ച ജിയോ ടെക്സ്‌റ്റൈൽ – ജിയോ സെൽ ഉപയോഗിച്ചുള്ള നിർമാണ രീതി ഉപയോഗിക്കുന്നത്.

കുറാഞ്ചേരി – വേലൂർ റോഡിൽ കേച്ചേരിയിൽ നിന്ന് ആരംഭിച്ച് തൃശൂർ – കുറ്റിപ്പുറം സംസ്‌ഥാന പാതയിൽ അക്കിക്കാവിൽ അവസാനിക്കുന്ന റോഡ് കിഫ്ബി മാനദണ്ഡപ്രകാരം 12 മീറ്റർ വീതിയിൽ നവീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഐ.ആർ.സി മാനദണ്ഡങ്ങളനുസരിച്ച് കലുങ്കുകളുടെയും കാനകളുടെയും റോഡിന്റെയും പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുകയാണ്. മൂന്ന് മാസത്തിനുള്ളിൽ 2.5 കിലോമീറ്റർ ദൂരം ടാറിങ്ങും 13 കലുങ്കുകളും രണ്ട് കിലോമീറ്ററോളം കാനകളും നിർമിക്കാനാണ് ഉദ്ദേശ്യം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!