യു.ഡി.എഫിനായി രാഷ്‌ട്രീയ പ്രചാരണം; നാദാപുരത്ത് ബി.എൽ.ഒയെ തെരഞ്ഞെടുപ്പ് കമീഷൻ നീക്കി

നാദാപുരം : സമൂഹമാധ്യമങ്ങളിൽ മീഡിയയിൽ രാഷ്‌ട്രീയ പ്രചാരണം നടത്തിയ ബി.എൽ.ഒയെ നീക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവ്. നാദാപുരം പഞ്ചായത്ത് പരിധിയിലെ 180 -ാം നമ്പർ ബൂത്തിലെ ബൂത്ത് ലെവൽ ഓഫീസർ ആയി പ്രവർത്തിക്കുന്ന പി. അബ്‌ദുൽ മുനീർ പ്രാച്ചേരിയെയാണ് ജില്ലാ റിട്ടേണിങ് ഓഫീസർ തൽസ്ഥാനത്ത് നിന്നും നീക്കിയത്.
നാദാപുരം ടി.ഐ.എം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകനാണ് മുനീർ. തെരഞ്ഞെടുപ്പ് കമീഷന്റെ നിലവിലെ മാർഗ്ഗനിർദേശങ്ങൾ അനുസരിച്ച് ബൂത്ത് ലെവൽ ഓഫീസർമാർ യാതൊരുവിധ രാഷ്‌ട്രീയ പ്രവർത്തനങ്ങളിലും ഏർപ്പെടാൻ പാടില്ല. മാർഗനിർദേശങ്ങളെല്ലാം ലംഘിച്ച് പരസ്യമായി യു.ഡി.എഫിനും മുസ്‌ലിംലീഗിനും അനുകൂലമായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരണം നടത്തിയത് സംബന്ധിച്ച്, തെളിവ് സഹിതം എൽ.ഡി.എഫ് 180 ആം നമ്പർ ബൂത്ത് സെക്രട്ടറി കെ കെ പ്രദീപനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.