കാസർകോട് നാലുമാസം പ്രായമുള്ള മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ മരിച്ച നിലയിൽ

ബോവിക്കാനം(കാസർകോട്) : നാലു മാസം പ്രായമുള്ള മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു. ഇടുക്കി തൊടുപുഴയിലെ ശരത്തിന്റെ ഭാര്യയും മുളിയാർ കോപ്പാളംകൊച്ചി സ്വദേശിനിയുമായ ബിന്ദു (30) ആണ് നാല്മാസം പ്രായമായ മകൾ ശ്രീനന്ദനയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കൈ ഞരമ്പുകൾ മുറിച്ച് വീട്ടുമുറ്റത്തെ മരത്തിൽ തൂങ്ങി മരിച്ചത്.
വെള്ളിയാഴ് ച ഉച്ചക്ക് രണ്ടോടെയാണ് കോപ്പാളം കൊച്ചിയിലെ വീട്ടുമുറ്റത്തെ മരത്തിൽ ബിന്ദുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കുഞ്ഞിനെ അവശനിലയിൽ കിടപ്പുമുറിയിലും കണ്ടെത്തി. കുഞ്ഞിനെ ചെങ്കള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ആദൂർ പൊലീസ് ബിന്ദുവിന്റെ ഇൻക്വസ്റ്റ് പൂർത്തിയാക്കി. ഭർത്താവ് ശരത്ത് സ്വിറ്റ്സർലന്റിലാണ്. ആറ് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ഭർത്യവീട്ടിൽ നിന്നു മൂന്ന് ദിവസം മുൻപാണ് ബിന്ദു സ്വന്തം വീട്ടിലേക്ക് വന്നത്. ശ്രീഹരിയാണ് ദമ്പതികളുടെ മറ്റൊരു മകൻ.
കോപ്പാളംകൊച്ചിയിലെ രാമചന്ദ്രൻ്റെയും ലളിതയുടെയും മകളാണ് ബിന്ദു. സഹോദരങ്ങൾ: സിന്ധു (മുള്ളേരിയ സ്വകാര്യ ക്ലിനിക് ജീവനക്കാരി), രമ്യ.
തഹസിൽദാർ പി.എം അബുബക്കർ സിദ്ദീഖ്, ഡി.വൈ.എസ്.പി ജയൻ ഡൊമിനിക്ക്, ആദുർ സി.ഐ പി.സി. സഞ്ജയ് കുമാർ, എസ്.ഐ അനുരൂപ് എന്നിവർ സ്ഥലത്തെത്തി. ഇരുവരുടെയും മൃതദേഹങ്ങൾ ഇൻക്വസ്‌റ്റിനു ശേഷം കാസർകോട് ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ശനിയാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ട് പോകും.