ഗുരുധർമ്മ പ്രചരണ സഭയുടെ മലയോരത്തെ പ്രഥമ യൂണിറ്റ് ഉദ്ഘാടനം ഞായറാഴ്ച

പേരാവൂർ : ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ശിവഗിരി മഠം ഗുരുധർമ്മ പ്രചരണ സഭ പെരുമ്പുന്ന യൂണിറ്റ് ഞായറാഴ്ച നാടിന് സമർപ്പിക്കും. രാവിലെ 10ന് ശിവഗിരി മഠം അംബികാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡൻറ് മന്മഥൻ മുണ്ടപ്ലാക്കൽ അധ്യക്ഷനാകും.
ഗുരു ഗ്രന്ഥാലയത്തിൻ്റെ ഉദ്ഘാടനം കണിച്ചാർ പഞ്ചായത്ത് വൈസ്. പ്രസിഡൻറ് ഷാൻ്റി തോമസും പ്രാർത്ഥനാ ഹാളിൻ്റെ ഉദ്ഘാടനം ജി.ഡി.പി. എസ് ശിവഗിരി മഠം രജിസ്ട്രാർ അഡ്വ.പി.എം. മധുവും നിർവഹിക്കും. കൊട്ടിയൂർ ദേവസ്വം ട്രസ്റ്റി രവീന്ദ്രൻ പൊയിലൂർ സത്സംഗ വേദി ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ ഗുരുധർമ്മ പ്രചരണ സഭ പെരുമ്പുന്ന യൂണിറ്റിൻ്റെ പ്രഥമ അവാർഡ് ദാനവും നടക്കും. ഗുരുദേവ കൃതികളുടെ പഠനവും ആലാപനവും, ഗുരു സന്ദേശ പ്രചരണം, പ്രാർത്ഥനാ സഭകൾ, പ്രസംഗ പരിശീലനം, ജീവകാരുണ്യ പ്രവർത്തനം, ശിവഗിരി തീർത്ഥാടനം എന്നിവയാണ് ജി.ഡി.പി.എസ് യൂണിറ്റിന്റെ ലക്ഷ്യമെന്ന് ഭാരവാഹികളായ മന്മഥൻ മുണ്ടപ്ലാക്കൽ, രാജീവൻ ആക്കപ്പാറ, ശശി കുന്നത്ത്, ഗോപാലകൃഷ്ണൻ ആനാശ്ശേരിയിൽ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.