സ്ഥാനാർഥിയെ അറിയാൻ നോ യുവർ കാൻഡിഡേറ്റ് ആപ്പ്

കണ്ണൂർ: വോട്ട് ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥാനാർഥിയെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ അറിയണോ ?
തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ നോ യുവർ കാൻഡിഡേറ്റ് ആപ്പ് (കെവൈസി) ഫോണിൽ ഉണ്ടെങ്കിൽ വിവരങ്ങൾ വിരൽ തുമ്പിലെത്തും.
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കി കാര്യക്ഷമവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പ് വരുത്തുക എന്നതാണ് ലക്ഷ്യം.
സ്ഥാനാർഥിയുടെ പേര്, പാർട്ടി, മത്സരിക്കുന്ന മണ്ഡലം, അവരുടെ പേരിൽ നിലവിലുള്ളതോ മുൻപ് ഉണ്ടായിരുന്നതോ ആയ കേസുകളുടെ വിവരങ്ങൾ, മറ്റ് സാമ്പത്തിക വിവരങ്ങൾ തുടങ്ങിയവ ആപ്പിൽ ലഭിക്കും.
നാമനിർദേശ പത്രികയുടെ കൂടെ സമർപ്പിക്കുന്ന സത്യവാങ്‌മൂലം ഉൾപ്പെടെ പൊതുജനങ്ങൾക്ക് പരിശോധിക്കാം. പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ആപ്പ് ഡൗൺലോഡ് ചെയ്യാം.