പരീക്ഷകളുടെ മൂല്യനിർണ്ണയം ഇന്ന് ആരംഭിക്കും

എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി, ഹയർ സെക്കൻഡറി, വെക്കേഷണല്‍ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം ഇന്ന് ആരംഭിക്കും. എസ്.എസ്.എല്‍.സി മൂല്യനിർണയത്തിനായി മൊത്തം 70 ക്യാമ്പുകളാണ് ഉണ്ടായിരിക്കുക. 14,000 ത്തോളം അധ്യാപകർ ക്യാമ്പില്‍ പങ്കെടുക്കും. മൊത്തം മുപ്പത്തിയെട്ടര ലക്ഷത്തോളം ഉത്തര കടലാസുകളാണ് മൂല്യനിർണയം നടത്തുക. ഹയർ സെക്കൻഡറിയില്‍ മൊത്തം 77 ക്യാമ്പുകള്‍ ആണ് സജ്ജീകരിച്ചിരിക്കുന്നത്.
അതില്‍ 25 എണ്ണം ഡബിള്‍ വാലുവേഷൻ ക്യാമ്പുകളാണ്. മൊത്തം 25000-ത്തോളം അധ്യാപകർ മൂല്യനിർണയ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്. ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറിയില്‍ പഠിക്കുന്ന എട്ടര ലക്ഷത്തോളം കുട്ടികളുടെ 52 ലക്ഷത്തില്‍ പരം ഉത്തരക്കടലാസുകളാണ് മൂല്യനിർണയം നടത്തുക. ടി.എച്ച്.എസ്.എല്‍.സിക്കായി രണ്ട് ക്യാമ്പുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
110-ഓളം അധ്യാപകർ ക്യാമ്പില്‍ പങ്കെടുക്കും. ഇരുപതിനായിരത്തോളം ഉത്തരക്കടലാസുകളാണ് മൂല്യനിർണയം നടത്തേണ്ടത്. എ.എച്ച്.എസ്.എല്‍.സിയുടെ മൂല്യനിർണയം ഒരു ക്യാമ്പിലാണ് നടത്തുക. വെക്കേഷണല്‍ ഹയർസെക്കൻഡറിയില്‍ എട്ട് ക്യാമ്പുകളില്‍ ആയാണ് മൂല്യനിർണയം നടക്കുക. 2200-ഓളം അധ്യാപകർ മൂല്യനിർണയ ക്യാമ്പില്‍ പങ്കെടുക്കും. മൂന്ന് ലക്ഷത്തി നാല്പതിനായിരത്തോളം ഉത്തരക്കടലാസുകളാണ് മൂല്യനിർണയം നടത്തേണ്ടത്.