മുഴപ്പിലങ്ങാട്ടെ ഫ്‌ളോട്ടിങ് ബ്രിഡ്ജിന്റെ പ്രവര്‍ത്തനം നിര്‍ത്തി

മുഴപ്പിലങ്ങാട്: ഡ്രൈവ് ഇന്‍ ബീച്ചിലെ ഫ്‌ളോട്ടിങ് ബ്രിഡ്ജിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. കടലേറ്റത്തെത്തുടര്‍ന്ന് തിങ്കളാഴ്ച മുതലാണ് പ്രവര്‍ത്തനം നിര്‍ത്തിയത്. ഞായറാഴ്ച വൈകിട്ടോടെ ബ്രിഡ്ജ് അഴിച്ചുതുടങ്ങിയിരുന്നു. ഉച്ചയ്ക്കുശേഷം സഞ്ചാരികളെ ബ്രിഡ്ജില്‍ കയറ്റിയിരുന്നില്ലെന്ന് നടത്തിപ്പുകാര്‍ പറഞ്ഞു. അഴിക്കുന്നതിനിടെ ബ്രിഡ്ജിന്റെ ചില ഭാഗങ്ങള്‍ ശക്തമായ തിരയില്‍പ്പെട്ടിരുന്നതായും അവര്‍ പറഞ്ഞു. ബ്രിഡ്ജ് പൂര്‍ണമായും കടലില്‍നിന്ന് കരയിലേക്ക് മാറ്റി.
സാഹസിക വിനോദസഞ്ചാരത്തിന്റെ ഭാഗമായി 2022-ലാണ് ബീച്ചിലെ തെറിമ്മല്‍ ഭാഗത്ത് ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്. മന്ത്രി പി.എ.മുഹമ്മദ് റിയാസ് ആയിരുന്നു ഉദ്ഘാടനം ചെയ്തത്. എട്ടുമാസം മുന്‍പാണ് ഇവിടെനിന്ന് അല്പം മാറ്റിസ്ഥാപിച്ചത്. തിരമാലകള്‍ക്കനുസരിച്ച് താഴ്ന്നും ഉയര്‍ന്നും നടന്നുപോകാനാകുമെന്നതാണ് ഇതിന്റ പ്രത്യേകത. കരയില്‍ നിന്ന് 100 മീറ്ററിലേറെ ദൂരത്തില്‍ സഞ്ചരിക്കാനാകും.
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നിയന്ത്രണത്തിലാണ് ഫ്‌ളോട്ടിങ് ബ്രിഡ്ജ് പ്രവര്‍ത്തിക്കുന്നത്. ഒരുകോടിയോളം രൂപ ചെലവഴിച്ചായിരുന്നു നിര്‍മാണം. ടിക്കറ്റ് വെച്ചായിരുന്നു പ്രവേശനം. ദിവസവും നൂറുകണക്കിന് ആളുകള്‍ ബ്രിഡ്ജിലേക്ക് കയറാനായി എത്താറുണ്ട്. കാലാവസ്ഥ സാധാരണനിലയിലേക്ക് മാറുന്നതോടെ ഫ്‌ളോട്ടിങ് ബ്രിഡ്ജ് പുനഃസ്ഥാപിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
തീരപ്രദേശങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനമില്ല
കടലേറ്റത്തെത്തുടര്‍ന്ന് ജില്ലയിലെ തീരപ്രദേശങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. ബീച്ചുകളിലേക്കുള്ള പ്രവേശനം മൂന്നുവരെ നിര്‍ത്തിവെച്ചു. കടലാക്രമണം ബാധിച്ച പ്രദേശങ്ങളില്‍ ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കാനും നിര്‍ദേശമുണ്ട്.
ഇതിനായി നേരത്തേ കണ്ടെത്തിയ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കാന്‍ തഹസില്‍ദാര്‍മാര്‍ക്കും വകുപ്പു മേധാവികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തീരദേശ പോലീസ് സ്റ്റേഷനുകള്‍, അഗ്‌നിരക്ഷാ ഓഫീസുകള്‍ എന്നിവര്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കി.