+92ല്‍ ആരംഭിക്കുന്ന വാട്‌സ്ആപ്പ് കോളുകളില്‍ ജാഗ്രത; മുന്നറിയിപ്പുമായി കേന്ദ്രം

Share our post

ന്യൂഡല്‍ഹി: വാട്‌സ്ആപ്പില്‍ വിദേശ നമ്പറുകളില്‍ നിന്ന് വരുന്ന കോളുകളില്‍ ജാഗ്രത വേണം എന്ന് ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്. പ്രത്യേകിച്ച് പ്ലസ് 92 (+92) ല്‍ ആരംഭിക്കുന്ന കോളുകള്‍ എടുക്കാതിരിക്കുന്നതാണ് നല്ലത്. ഇത്തരത്തിലുള്ള കോളുകള്‍ വന്നാല്‍ വ്യക്തിപരമായ വിവരങ്ങള്‍ പങ്കുവെയ്ക്കാതെ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

പലപ്പോഴും സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് എന്ന വ്യാജേനയാണ് ഇത്തരം കോളുകള്‍ വരുന്നത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി കണ്ടെത്തിയതായും മൊബൈല്‍ നമ്പര്‍ റദ്ദാക്കുമെന്നും ഭീഷണിപ്പെടുത്തി കൊണ്ടാണ് ഇത്തരം കോളുകള്‍ വരുന്നത്. സ്വകാര്യ വിവരങ്ങള്‍ തട്ടിയെടുത്ത് സാമ്പത്തിക തട്ടിപ്പ് നടത്താനാണ് ഇത്തരം നമ്പറുകളില്‍ നിന്ന് വിളിക്കുന്നത്. ഇത്തരത്തില്‍ വിളിക്കാന്‍ സര്‍ക്കാര്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് ഇത്തരം കോളുകള്‍ വരുമ്പോള്‍ ജാഗ്രത പുലര്‍ത്താന്‍ മറക്കരുതെന്നും ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന വിളിച്ച് തട്ടിപ്പ് നടത്തുന്ന കേസുകള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍. ഇത്തരത്തില്‍ കോളുകള്‍ വന്നാല്‍ ഉടന്‍ തന്നെ സഞ്ചാര്‍ സാഥി പോര്‍ട്ടലില്‍ റിപ്പോര്‍ട്ട് ചെയ്യാനും ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദേശിച്ചു. ഇത്തരം തട്ടിപ്പുകളില്‍ ഇതിനോടകം വീണാല്‍ ഉടന്‍ തന്നെ സൈബര്‍ ക്രൈം ഹെല്‍പ്പ്‌ലൈന്‍ നമ്പറായ 1930ല്‍ വിളിച്ച് റിപ്പോര്‍ട്ട് ചെയ്യാനും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!