നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസ്; ഒളിവിലായിരുന്ന മാതാവ് 18 വർഷത്തിന് ശേഷം അറസ്റ്റിൽ

Share our post

പൊൻകുന്നം (കോട്ടയം): നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന മാതാവ് 18 വര്‍ഷത്തിന് ശേഷം പിടിയിൽ. ചിറക്കടവ് കടുക്കാമല ഭാഗത്ത് വയലിപറമ്പിൽ വീട്ടിൽ കുഞ്ഞുമോളെന്ന് വിളിക്കുന്ന ഓമന (57) യാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്.

2004-ൽ ഓമന തന്റെ നവജാതശിശുവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പ്ലാസ്റ്റിക് ചാക്കിൽ കെട്ടി കടുക്കാമല ഭാഗത്തുള്ള പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറ്റിൽ തള്ളുകയായിരുന്നു. അന്ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട്, കോടതിയിൽനിന്നും ജാമ്യം ലഭിച്ച ശേഷം ഇവർ ഒളിവിൽ പോകുകയായിരുന്നു. 18 വർഷക്കാലം തമിഴ്‌നാട്‌, തിരുപ്പതി എന്നീ സ്ഥലങ്ങളിൽ കഴിഞ്ഞുവരികയായിരുന്നു.

വിവിധ കേസുകളിൽ കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞു വരുന്നവരെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്.ഒ ദിലീഷ് ടി, എസ്.ഐ മാരായ മാഹിൻ സലിം, ദിലീപ് കുമാർ, സി.പി.ഓമാരായ പ്രിയ എം.ജി , കിരൺ കര്‍ത്ത എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!