സ്‌കൂളിലെ യാത്രയയപ്പ്: കുട്ടികള്‍ അധ്യാപകര്‍ക്ക് നല്‍കുന്നത് വിലപിടിപ്പുള്ള സമ്മാനങ്ങള്‍, വിവാദം

കൊണ്ടോട്ടി: ചുരിദാര്‍.. ഷര്‍ട്ട്… മുണ്ട്.. വാച്ച്… ഡിന്നര്‍ സെറ്റ്… ഗ്ലാസ് സെറ്റ്… അലങ്കാര ചിത്രങ്ങള്‍… വിവാഹത്തിനോ വീട് താമസത്തിനോ സമ്മാനമായി നല്‍കാവുന്ന വസ്തുക്കളുടെ വിവരണമല്ല. അധ്യയനവര്‍ഷാവസാന ദിനത്തില്‍ യാത്രയയപ്പെന്ന പേരില്‍ വിദ്യാര്‍ഥികള്‍ അധ്യാപകര്‍ക്ക് നല്‍കിയ സമ്മാനങ്ങളില്‍ ചിലതാണിവ. അധ്യയനവര്‍ഷത്തിലെ അവസാനദിവസം അധ്യാപകര്‍ക്ക് വിദ്യാര്‍ഥികള്‍ സമ്മാനങ്ങള്‍ നല്‍കുന്ന കീഴ്‌വഴക്കം അതിവേഗം പടരുകയാണ്. ഒരുവിഭാഗം രക്ഷിതാക്കള്‍ക്ക് ഇതില്‍ അമര്‍ഷവുമുണ്ട്.
പുതിയ കീഴ്‌വഴക്കമനുസരിച്ച് ഒന്നാംക്ലാസ് മുതലുള്ള വിദ്യാര്‍ഥികള്‍ അധ്യാപകര്‍ക്ക് സമ്മാനം നല്‍കേണ്ടിവരുന്നു. ക്ലാസ് ടീച്ചര്‍, പ്രഥമാധ്യാപകര്‍, പ്രിയപ്പെട്ട അധ്യാപകര്‍ എന്നിങ്ങനെ ഒരു വിദ്യാര്‍ഥി പല അധ്യാപകര്‍ക്ക് സമ്മാനം നല്‍കുന്നു. നിരുപദ്രവമെന്നു തോന്നാവുന്ന ഈ യാത്രയയപ്പും സമ്മാനവിതരണവും രക്ഷിതാക്കള്‍ക്ക് സാമ്പത്തികബാധ്യതയോടൊപ്പം അസമത്വത്തിന്റെയും അപകര്‍ഷതയുടെയുംകൂടി വേദിയായി മാറുകയാണ്.
വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കാന്‍ കഴിയാത്ത വിദ്യാര്‍ഥികളിലാണ് ഏറെയും ഇത്തരം മാനസികപ്രശ്‌നങ്ങളുണ്ടാകുന്നത്. വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കാന്‍ ചില വിദ്യാര്‍ഥികളെങ്കിലും മത്സരിക്കുകയും ചെയ്യുന്നു. അധ്യാപകര്‍ക്കു ലഭിക്കുന്ന സമ്മാനങ്ങളില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകും. ഇത് അവര്‍ക്കിടയിലും അസഹിഷ്ണുത വളര്‍ത്തുന്നു.
നിയമം സമ്മാനവിതരണത്തിനെതിര്