കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ കൈയൊടിച്ചു; യൂത്ത്കോൺഗ്രസ് ജില്ലാ സെക്രട്ടറിയടക്കം മൂന്ന്പേർക്കെതിരേ കേസ്

ഹരിപ്പാട് (ആലപ്പുഴ): കുമാരപുരം മണ്ഡലം കോൺഗ്രസ് പ്രസിഡന്റും ഗ്രാമപ്പഞ്ചായത്ത് അംഗവുമായ കെ. സുധീറിനെ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ വീടുകയറി ആക്രമിച്ചതായി പരാതി.കസേരകൊണ്ടുള്ള അടിയെത്തുടർന്ന് കൈക്കുപരിക്കേറ്റ സുധീർ സ്വകാര്യ ആസ്പത്രിയിൽ ചികിത്സതേടി. കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം.
കുമാരപുരത്തെ ഇരുപതാം നമ്പർ ബൂത്ത് പ്രസിഡന്റായിരുന്ന ശ്രീക്കുട്ടനെ കഴിഞ്ഞദിവസം ഒഴിവാക്കി അഖില എന്ന പ്രവർത്തകയ്ക്കു ചുമതല നൽകിയിരുന്നു.ഇതാണ് മണ്ഡലം പ്രസിഡന്റിനെ വീട്ടുകയറി ആക്രമിച്ചതിനു കാരണമായതെന്നാണ് സുധീർ പറയുന്നത്. പരാതിയിൽ ശ്രീക്കുട്ടൻ, രഞ്ജിത്ത്, സജിത്ത് എന്നിവർക്കെതിരേ ഹരിപ്പാട് പോലീസ് കേസെടുത്തു.