സിറ്റി ഗ്യാസ് പദ്ധതി: ഏപ്രിലിൽ 8,000 വീടുകളിൽപുതിയ കണക്ഷൻ

കണ്ണൂർ : സിറ്റി ഗ്യാസ് പദ്ധതിയുടെ കൂടാളി മുതൽ മേലെചൊവ്വ വരെയുള്ള പ്രധാന പൈപ്പ് ലൈൻ കമ്മിഷൻ ചെയ്തു. കോർപ്പറേഷനിലെ 14, 15, 16, 17, 18, 22, 23, 25 ഡിവിഷനുകളിലെ 8,000 വീടുകളിൽ പാചകവാതകമെത്തിക്കാനാണിത്. ഈ മേഖലയിൽ വീടുകളിലേക്ക് പൈപ്പിടുന്ന പ്രവൃത്തി നടക്കുകയാണ്. ഏപ്രിലിൽ കണക്ഷൻ നൽകിത്തുടങ്ങും. മുന്നുമാസത്തിനുള്ളിൽ മുഴുവൻ വീടുകളിലേക്കും കണക്ഷൻ നൽകും.
ചുരുങ്ങിയ ചെലവിൽ വീടുകളിലേക്ക് നേരിട്ട് പാചകവാതകവും (പി.എൻ.ജി.) വാഹനങ്ങളിലേക്ക് പ്രകൃതിവാതകവും (സി.എൻ.ജി.) എത്തിക്കാൻ ലക്ഷ്യമിട്ടാണ് ജില്ലയിൽ സിറ്റി ഗ്യാസ് പദ്ധതി തുടങ്ങിയത്. സുരക്ഷിതമായ പോളി എത്തിലീൻ പൈപ്പുകൾ ഉപയോഗിച്ച് കൂടാളിയിൽനിന്നാണ് വാതകമെത്തിക്കുന്നത്.
ജനുവരിയിൽ പ്രീ കമ്മിഷൻ നടത്തിയിരുന്നു. പെട്രോളിയം ആൻഡ് എക്സ്‌പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷന്റെ അംഗീകാരം കിട്ടിയതോടെയാണ് കമ്മിഷൻ നടത്തിയത്.
മേലെ ചൊവ്വ മുതൽ വളപട്ടണം വരെ പ്രധാന പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തി ഇപ്പോൾ എ.കെ.ജി. ആസ്പത്രി പരിസരത്തെത്തി. ഈ മെയിൻ ലൈനിൽനിന്ന് സമീപപ്രദേശങ്ങളിലേക്ക് പൈപ്പിടും. 18 വാർഡുകളിലെ 20,000-ത്തിലേറെ വീടുകളിലാണ് കണക്ഷൻ നൽകുക. ജൂലായ് മുതൽ ഗാർഹിക കണക്ഷന് രജിസ്‌ട്രേഷൻ ചെയ്യാം.
ഓൺലൈൻ സ്റ്റേഷൻ ഏച്ചൂരിൽ തുടങ്ങി
ആദ്യ ഓൺലൈൻ സി.എൻ.ജി. പമ്പിങ് സ്റ്റേഷൻ ഏച്ചൂരിൽ പ്രവർത്തനം തുടങ്ങി. ഓൺലൈൻ സ്റ്റേഷനായാൽ വാഹനങ്ങളിൽ വാതകമെത്തിക്കേണ്ടതില്ല. പൈപ്പ് ലൈനുകളിലൂടെ പമ്പിങ് സ്റ്റേഷനിലേക്ക് എത്തിക്കാനാകും.
അടുത്തഘട്ടമായി വാരത്തും മേലേചൊവ്വയിലും പമ്പിങ് സ്റ്റേഷൻ സ്ഥാപിക്കും. സെൻട്രൽ ജയിലിന് സമീപം മാത്രമാണ് നിലവിൽ കോർപ്പറേഷൻ പരിധിയിൽ സി.എൻ.ജി. പമ്പിങ് സ്റ്റേഷനുള്ളത്. ഇവിടെയെല്ലാം ഇപ്പോൾ കൂടാളിയിൽനിന്നാണ് വാതകമെത്തിക്കുന്നത്. ആകെ അഞ്ച് സ്റ്റേഷനുകളാണ് ജില്ലയിലുള്ളത്.