വോട്ടഭ്യർഥനയുമായി അനിമേഷൻ വീഡിയോകൾ; ഒരുക്കുന്നത് അച്ഛനും മക്കളും

കണ്ണൂർ: ശബ്ദത്തിൽ കിടുവാണ് സപര്യ. എഡിറ്റിങ്ങിലും അനിമേഷനിലും മിടുക്കിയാണ് സരയു. അച്ഛൻ രാജുവിനൊപ്പം പഴയങ്ങാടിക്കടുത്ത രാമപുരത്തെ വീട്ടിൽ സ്ഥാനാർഥികൾക്കായി ‘വോട്ടഭ്യർഥന’ വീഡിയോ ഒരുക്കുകയാണിവർ. ചെറു അനിമേഷൻ വീഡിയോകളാണ് അച്ഛനും മക്കളും ചേർന്ന് തയ്യാറാക്കുന്നത്.
എല്ലാ മുന്നണികളിലെയും സ്ഥാനാർഥികൾക്കായി ഹ്രസ്വ വീഡിയോ തയ്യാറാക്കുന്നുണ്ട്. കെ.സി.വേണുഗോപാൽ, രാജ്‌മോഹൻ ഉണ്ണിത്താൻ, സി.രഘുനാഥ് എന്നിവരുടേത് ഇറങ്ങിക്കഴിഞ്ഞു. വോട്ടുവണ്ടി ഗ്രാമ-നഗര പ്രദേശങ്ങളിലെത്തി അവിടെ ചെയ്യാനുദ്ദേശിക്കുന്ന വികസനപ്രവർത്തനങ്ങൾ, ചെയ്ത കാര്യങ്ങൾ എന്നിവ പറയുന്നതാണ് വീഡിയോകൾ.
രണ്ടരമിനുട്ടുള്ള പലപല വീഡിയോകൾ തയ്യാറാക്കും. പ്രൊഫഷണൽ അനൗൺസറാണ് വാദ്യകലാകാരനായ രാമപുരം രാജു. പ്ലസ്‌വൺ വിദ്യാർഥിനിയും ചിത്രകാരിയുമായ മൂത്ത മകൾ സരയു റെക്കോഡിങ്, എഡിറ്റിങ്, മിക്സിങ് എന്നിവ നിർവഹിക്കുന്നു. മാടായി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാണ് പഠിക്കുന്നത്. പിലാത്തറ മേരി മാത സ്കൂളിലെ പത്താംതരം വിദ്യാർഥിനിയായ രണ്ടാമത്തെ മകൾ സപര്യ അച്ഛനൊപ്പം വീഡിയോയിൽ ശബ്ദം നൽകുന്നു. ഓട്ടൻതുള്ളൽ കലാകാരിയാണ് സപര്യ. രാജുവിന്റെ ഭാര്യ പ്രിയയും കൂടെയുണ്ട്.
ചില സ്ഥാനാർഥികൾക്കുവേണ്ടി കൃത്യമായ സ്‌ക്രിപ്റ്റുകൾ നൽകും. അതിൽ ആവശ്യമായ മേമ്പൊടിമാത്രം ചേർത്താൽ മതിയെന്ന് ഇവർ പറയുന്നു. ചിലർ പേരും മണ്ഡലവും ചിഹ്നവും മാത്രം നൽകും. ആവശ്യമായ എഴുത്തുകൾ സ്വയമുണ്ടാക്കിയാണ് വീഡിയോയിലെ അനൗൺസ്‌മെന്റ് ചിട്ടപ്പെടുത്തുന്നത്. വാഹനാപകടത്തിൽപ്പെട്ട് വീട്ടിൽ വിശ്രമത്തിലാണ് രാജു. നവമാധ്യമങ്ങളിലൂടെയുള്ള പ്രചാരണ ക്ലിപ്പുകളും ഇവർ ചെയ്യുന്നുണ്ട്.