കൈക്കൂലി വാങ്ങുന്നതിനിടെ റേഷണിങ് ഇൻസ്പെക്ടറും വില്ലേജ് ഫീൽഡ് അസിസ്റ്റന്റും വിജിലൻസ് പിടിയിൽ

Share our post

തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ റേഷണിങ് ഇൻസ്പെക്ടറും വില്ലേജ് ഫീൽഡ് അസിസ്റ്റന്റും വിജിലൻസ് പിടിയിൽ. ആലപ്പുഴയിലെ അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസിലെ റേഷണിങ് ഇൻസ്പെക്ടറായ പീറ്റർ ചാൾസിനെയും, കാസർകോട് ആഡൂർ വില്ലേജ് ഫീൽഡ് അസിസ്റ്റന്റായ കെ.നാരായണനെയും ആണ് കൈക്കൂലി വാങ്ങുന്നതിനിടെ ഇന്ന് വിജിലൻസ് കൈയോടെ പിടി കൂടിയത്.

ആഡൂർ വില്ലേജ് പരിധിയിൽപ്പെട്ട കീഴിലെ പാണ്ടിവയൽ സ്വദേശിയായ പരാതിക്കാരന്റെ ബന്ധുവിന്റെ പേരിലുള്ള 54 സെന്റ് ഭൂമിയുടെ പട്ടയം ലഭിക്കുന്നതിന് കഴിഞ്ഞ വർഷം സെപ്റ്റംബർ മാസം കാസർകോട് ലാൻഡ് ട്രിബ്യൂണലിൽ അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷ പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിന് അഡൂർ വില്ലേജ് ഓഫീസിലേക്ക് അയച്ചു. തുടർന്ന് സ്ഥല പരിശോധനക്കായി എത്തിയ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് നാരായണൻ 20,000 രൂപ കൈക്കൂലി ചോദിച്ചു. ഇന്ന് താലൂക്ക് ഓഫീസിലെത്താൻ ആവശ്യപ്പെടുകയും ചെയ്തു.

പരാതിക്കാരൻ ഈ വിവരംവിജിലൻസ് ഉത്തര മേഖല പൊലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിലിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം കാസർകോട് വിജിലൻസ് യൂനിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി. ഇന്ന് ഉച്ചയോടെ താലൂക്ക് ഓഫീസിന് സമീപം കാറിൽ വച്ച് കൈക്കൂലി വാങ്ങവെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്നാരായണനെ വിജിലൻസ് സംഘം കൈയോടെ പിടികൂടി.

ഇന്ന് ഉച്ചക്ക് ശേഷം മറ്റൊരു സംഭവത്തിൽ ആലപ്പുഴ അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസിലെ റേഷണിങ് ഇൻസ്പെക്ടറായ പീറ്റർ ചാൾസിനെ റേഷൻ കട ഉടമയിൽ നിന്നും 1,000 രൂപ കൈക്കൂലി വാങ്ങവെ വിജിലൻസ് കൈയോടെപിടികൂടി. പരാതിക്കാരനായ റേഷൻ കട ഉടമയുടെ റേഷൻകട പരിശോധിച്ച ശേഷം അപാകതകളില്ലായെന്ന് റിപ്പോർട്ട് ചെയ്യുന്നതിലേക്ക് റേഷണിങ് ഇൻസ്പെക്ടറായ പീറ്റർ ചാൾസ് അമ്പലപ്പുഴയിലുള്ള കാട്ടൂർ ജംഗ്ഷനിൽ എത്താൻ ആവശ്യപ്പെട്ടു. പരാതിക്കാരനായ റേഷൻ കട ഉടമ ഈ വിവരം വിജിലൻസ് കിഴക്കൻ മേഖല പൊലീസ് സൂപ്രണ്ട് വി.ജി. വിനോദ് കുമാറിനെ അറിയിച്ചിരുന്നു.

അദ്ദേഹത്തിന്റെ നിർദേശപ്രകാരം ആലപ്പുഴ വിജിലൻസ് യൂനിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി. ഇന്ന് വൈകീട്ട് നാലോടെ കാട്ടൂർ ജംഗ്ഷനിൽ വച്ച് 1,000 രൂപ കൈക്കൂലി വാങ്ങുമ്പോൾ പീറ്റർ ചാൾസിനെ കൈയോടെ പിടികൂടി. വില്ലേജ് ഫീൽഡ് അസിസ്റ്റന്റായ നാരായണനെ തലശ്ശേരി വിജിലൻസ് പ്രത്യേക കോടതിയിലും, റേഷണിങ് ഇൻസ്പെക്ടറായ പീറ്റർ ചാൾസിനെ കോട്ടയം വിജിലൻസ് പ്രത്യേക കോടതിയിലും ഹാജരാക്കുമെന്ന് വിജിലൻസ് അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!