ബെംഗളൂരു-മൈസൂരു പാതയിൽ ടോൾ നിരക്ക് വീണ്ടും കൂട്ടുന്നു;  50 രൂപ വരെ വർധന

Share our post

ബെംഗളൂരു – മൈസൂരു പാതയിലെ ടോൾ നിരക്ക് വർധിപ്പിച്ച് ദേശീയപാതാ അതോറിറ്റി. വാഹനങ്ങളനുസരിച്ച് അഞ്ചുരൂപ മുതൽ 50 രൂപവരെയാണ് വർധന. ഇതോടെ, ബെംഗളൂരുവിൽനിന്ന് മൈസൂരുവിലേക്കു പോകാനും മൈസൂരുവഴി നാട്ടിലേക്ക് പോകാനുമുള്ള ചെലവ് കൂടും.

ഏപ്രിൽ ഒന്നുമുതലാണ് നിരക്കുവർധന പ്രാബല്യത്തിൽ വരിക. പാതയിൽ ടോൾ പിരിവ് തുടങ്ങിയശേഷം രണ്ടാംതവണയാണ് നിരക്ക് കൂട്ടുന്നത്. പുതുക്കിയ നിരക്കനുസരിച്ച് കാറുകൾക്ക് ഒരുദിശയിലേക്കുള്ള നിരക്ക് 165 രൂപയിൽനിന്ന് 170 രൂപയായും ബസുകൾക്കും ലോറികൾക്കും ഒരുവശത്തേക്ക് 565 രൂപയായിരുന്നത് 580 രൂപയായുമാണ് വർധിച്ചിരിക്കുന്നത്.

ലൈറ്റ് കൊമേഴ്സ്യൽ വാഹനങ്ങൾക്കും മിനി ബസുകൾക്കും ഒരുവശത്തേക്ക് 270 രൂപ നൽകേണ്ടത് 275 ആയാണ് വർധിക്കുക. വലിയ വാഹനങ്ങൾക്ക് 1, 110 രൂപയാണ് ഏപ്രിൽ ഒന്നുമുതൽ നൽകേണ്ടത്. നേരത്തേ ഇത് 1,060 രൂപയായിരുന്നു. പ്രതിമാസ പാസുകൾക്ക് 800 രൂപവരെയാണ് വർധന. ദേവനഹള്ളി നല്ലൂർ ടോൾ പ്ലാസയിലും നിരക്ക് വർധിച്ചിട്ടുണ്ട്.

അതേസമയം, ചില ഇളവുകൾ ടോൾ പ്ലാസകളിൽനിന്ന് ലഭിക്കും. 24 മണിക്കൂറിനുള്ളിലുള്ള മടക്കയാത്രയ്ക്ക് 25 ശതമാനവും മാസം 50 തവണയെങ്കിലും ഒരു വശത്തേക്ക് യാത്രചെയ്‌താൽ 33 ശതമാനവും ഇളവുണ്ടാകും. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിലുള്ള സ്വകാര്യ വാഹന ഉടമകൾക്ക് 340 രൂപയ്ക്ക് ഒരു മാസത്തേക്കുള്ള പാസും ലഭിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!