കാത്തിരിപ്പ് അവസാനിക്കുന്നു; ഥാര്‍ ഫൈവ് ഡോര്‍ മോഡലിന്റെ വരവിന് സമയം കുറിച്ച് മഹീന്ദ്ര

Share our post

എല്ലാ സ്വാതന്ത്ര്യ ദിനത്തിലും ഇന്ത്യയിലെ വാഹനപ്രേമികളെ സന്തോഷിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ മഹീന്ദ്രയില്‍ നിന്ന് ഉണ്ടാകാറുണ്ട്. 2020-ല്‍ ഥാര്‍ എന്ന ലൈഫ് സ്റ്റൈല്‍ എസ്.യു.വി. മഹീന്ദ്ര ആരാധകരില്‍ ഉണ്ടാക്കിയ ആവേശം ഒരിക്കല്‍ കൂടി ആവര്‍ത്തിനാക്കുള്ള ഒരുക്കത്തിലാണ് കമ്പനി. 2024-ലെ സ്വാതന്ത്ര്യ ദിനത്തില്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന ഥാറിന്റെ അഞ്ച് ഡോര്‍ മോഡല്‍ എത്തിക്കാനാണ് ഇന്ത്യയിലെ ഏറ്റവും വലിയ എസ്.യു.വി. നിര്‍മാതാക്കളായ മഹീന്ദ്ര ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.

മഹീന്ദ്രയില്‍ നിന്നുള്ള സുപ്രധാന പ്രഖ്യാപനങ്ങളും ലോഞ്ചുകളും സാധാരണയായി സ്വാതന്ത്ര്യദിനത്തിലാണ് ഉണ്ടാകാറുള്ളത്. 2023 ഓഗസ്റ്റ് 15-ന് ഥാറിന്റെ ഇലക്ട്രിക് പതിപ്പ്, സ്‌കോര്‍പിയോ എന്‍ മോഡലിനെ അടിസ്ഥാനമാക്കിയുള്ള ലൈഫ്‌സ്റ്റൈല്‍ പിക്ക്അപ്പ് എന്നിവയുടെ കണ്‍സെപ്റ്റ് മോഡലായിരുന്നു പ്രദര്‍ശിപ്പിച്ചത്. ഥാറിന്റെ ഫൈവ് ഡോര്‍ മോഡല്‍ ഈ വര്‍ഷമെത്തുന്ന മുമ്പുതന്നെ സൂചനകളുണ്ടായിരുന്നു. ഈ വാഹനത്തിനായി മഹീന്ദ്ര ചില പേരുകളുടെ പകര്‍പ്പ് അവകാശവും നേടിയിട്ടുണ്ട്.

നിലവിലെ ഥാറിന്റെ ലോങ്ങ് വീല്‍ ബേസ് പതിപ്പായായിരിക്കും ഥാര്‍ ഫൈവ് ഡോര്‍ മോഡല്‍ എത്തുന്നത്. നിലവിലെ മോഡലിലേതിനെക്കാള്‍ 300 എം.എം. അധിക വീല്‍ബേസാണ് ഈ വാഹനത്തില്‍ പ്രതീക്ഷിക്കുന്നത്. വശങ്ങളില്‍ രണ്ട് ഡോറുകള്‍ അധികമായി നല്‍കുന്നതിനൊപ്പം ഇന്റീരിയറില്‍ കൂടുതല്‍ സ്പേസും ഈ വാഹനം ഉറപ്പാക്കുമെന്നാണ് വിവരം. എക്സ്റ്റീരിയറിലെ ഡിസൈനിലും ഇന്റീരിയറിലെ ലേഔട്ടുമെല്ലാം നിലവിലെ ത്രീ ഡോര്‍ ഥാറിന് സമാനമായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍.

നിലവില്‍ ഉള്ള ഥാറിനെക്കാള്‍ ഏതാനും അധിക ഫീച്ചറുകള്‍ ഈ വാഹനത്തില്‍ പ്രതീക്ഷിക്കാം. സണ്‍റൂഫ്, കൂടുതല്‍ മെച്ചപ്പെടുത്തിയിട്ടുള്ള ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സെന്റര്‍ ആം റെസ്റ്റ്, എന്നിവയായിരിക്കും അധികമായി നല്‍കുക. വാഹനത്തില്‍ ഉപയോഗിച്ചിട്ടുള്ള മെറ്റീരിയലുകളും ഫിറ്റ് ആന്‍ഡ് ഫിനീഷിങ്ങും നിലവിലെ ഥാറിനെ അപേക്ഷിച്ച് ഏറെ മുന്നിലായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍.

3985 എം.എം. നീളം, 1820 എം.എം വീതി, 1844 എം.എം. ഉയരം എന്നിങ്ങനെയായിരിക്കും ഈ വാഹനത്തിന്റെ വലിപ്പം. മെക്കാനിക്കല്‍ ഫീച്ചറുകള്‍ ത്രീ ഡോര്‍ ഥാറിന് സമാനമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 1.5 ലിറ്റര്‍ പെട്രോള്‍ എന്നീ രണ്ട് എന്‍ജിനുകളിലായിരിക്കും ഫൈവ് ഡോര്‍ ഥാര്‍ എത്തുന്നത്. പെട്രോള്‍ എന്‍ജിന്‍ 150 ബി.എച്ച്പി പവറും 320 എന്‍.എം. ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 130 ബി.എച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമേകും. ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളിലെത്തും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!