ബി.ഡി.എസ്. വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു

പേരാമ്പ്ര: ജാനകികാട് ടൂറിസം സെൻററിന് സമീപം ചവറം മൂഴി നീർപാലത്തിനടുത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി സംഘത്തിൽ ഒരാൾ മുങ്ങി മരിച്ചു. ബി.ഡി.എസ് വിദ്യാർഥി പോണ്ടിച്ചേരി സ്വദേശി ഗൗഷിക് ദേവ് (22) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം.
മാഹിയിലെ ഡെന്റൽ കോളേജിലെ ബി.ഡി.എസ്. നാലാം വർഷ വിദ്യാർഥികളായ ഏഴ് പേർ അടങ്ങിയ സംഘമാണ് ഉച്ചയോടെ പ്രദേശത്ത് വിനോദയാത്രക്ക് എത്തിയത്. കയമുള്ള ഭാഗത്ത് ഗൗഷിക് ദേവ് മുങ്ങിപ്പോകുകയായിരുന്നു.
പെരുവണ്ണാമുഴി പോലീസും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് കരക്കെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം കുറ്റ്യാടി താലൂക്ക് ആസ്പത്രി മോർച്ചറിയിൽ.