പതിനൊന്നുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ 48-കാരന് 12 വര്‍ഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും

ചാവക്കാട്: പതിനൊന്നുകാരിയെ റോഡില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയ കേസില്‍ 48-കാരനെ ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി 12 വര്‍ഷം കഠിന തടവിനും ഒരു മാസം വെറും തടവിനും ശിക്ഷിച്ചു. 1.5 ലക്ഷം രൂപ പിഴയും വിധിച്ചു. പാവറട്ടി മരുതയൂര്‍ ഒസാരൂ വീട്ടില്‍ ബഷീറിനെയാണ് ചാവക്കാട് അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി അന്യാസ് തയ്യില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പിഴ അടക്കാത്ത പക്ഷം ഒന്നര വര്‍ഷം കൂടി തടവ് അനുഭവിക്കണം. പിഴ സംഖ്യ അതിജീവിതക്ക് നല്‍കാനും കോടതി വിധിച്ചു.
2023 ഫെബ്രുവരി 27-ന് രാവിലെ ആറരയോടെയാണ് കേസിനാസ്പദമായ സംഭവം. റോഡില്‍വച്ച് ലൈംഗികാതിക്രമം നടത്തുകയും മാനഹാനി വരുത്തുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പാവറട്ടി എസ്.ഐ എം. അഫ്‌സല്‍ എഫ്.ഐ.ആർ രജിസ്റ്റര്‍ ചെയ്ത് കേസിന്റെ ആദ്യാന്വേഷണം നടത്തി. എസ്.ഐ എം.സി. റെജിക്കുട്ടി അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സിജു മുട്ടത്ത്, സി. നിഷ എന്നിവര്‍ ഹാജരായി.