മാധ്യമ പ്രവർത്തകൻ ബിജി കുര്യൻ അന്തരിച്ചു

കോട്ടയം: ദേശാഭിമാനി സ്പെഷ്യൽ കറസ്പോണ്ടൻ്റായിരുന്ന കൂരോപ്പട ചിറപ്പുറത്ത് ബിജി കുര്യൻ (60) അന്തരിച്ചു.സംസ്കാരം ഞായർ പകൽ രണ്ടിന്.കഴിഞ്ഞവർഷമാണ് ദേശാഭിമാനി കോട്ടയം യൂണിറ്റിൽ നിന്ന് വിരമിച്ചത്.
1996ലാണ് ദേശാഭിമാനി പത്രാധിപ സമിതിയംഗമായി ചേർന്നത്.1986ൽ ജനനി വാരിക സഹപത്രാധിപരായി പത്രപ്രവർത്തനം തുടങ്ങി. 1989 മുതൽ ഏഴ് വർഷം മംഗളം ദിനപത്രത്തിൽ സബ് എഡിറ്ററായിരുന്നു. ദേശാഭിമാനി കൊച്ചി, കോട്ടയം, തൃശൂർ, പത്തനംതിട്ട, തിരുവനന്തപുരം എന്നിവിടങ്ങളിൽ പ്രവർത്തിച്ചു.
രണ്ട് തവണ കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗമായി. കെ.യു.ഡബ്ല്യു.ജെ ദേശാഭിമാനി കോ ഓർഡിനേഷൻ സെക്രട്ടറിയായും പ്രവർത്തിച്ചു. അയ്മനം പരസ്പരം വായനക്കൂട്ടത്തിന്റെ രവി ചൂനാടൻ സ്മാരക ലിറ്റിൽ മാസിക പുരസ്കാരം, മികച്ച റിപ്പോർട്ടർക്കുള്ള പ്രവാസി മലയാളി വെൽഫെയർ അസോസിയേഷന്റെ പുരസ്കാരം എന്നിവയ്ക്ക് അർഹനായി.
റിട്ട. അധ്യാപകൻ പരേതനായ കുഴിമറ്റം പാറയിൽ ചിറപ്പുറത്ത് സി.വി.കുര്യന്റെയും പി.ഡബ്ല്യു.ഡി മുൻ ജീവനക്കാരി കൂരോപ്പട ചെന്നാമറ്റം ചേന്നനാപൊയ്കയിൽ സി.കെ. മറിയാമ്മയുടെയും മകനാണ്. ഭാര്യ: ഷീല എലിസബത്ത്. മക്കൾ: അബു.ബി.കുര്യൻ റിബു. ബി.ജോസഫ്.