ക്രിസ്തുവിൻ്റെ അന്ത്യ അത്താഴ സ്മരണയിൽ ഇന്ന് പെസഹാ വ്യാഴം

Share our post

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ക്രൈസ്‌തവർ ഇന്ന് പെസഹാ തിരുനാൾ ആഘോഷിക്കുന്നു. 12 ശിഷ്യന്മാരുമൊത്തുള്ള യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓർമ്മ പുതുക്കിയാണ് ക്രൈസ്‌തവർ പെസഹ ആചരിക്കുന്നത്. പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും കാൽ കഴുകൽ ശ്രൂഷുകളും പെസഹായുമായി ബന്ധപ്പെട്ട് നടക്കും. തിരുവനന്തപുരം പാളയം സെൻ്റ് ജോസഫ് കത്തിഡ്രലിൽ നടക്കുന്ന പെസഹാ ശുശ്രൂഷകൾക്കും കാൽകഴുകൽ ശുശ്രൂഷകൾക്കും ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ മുഖ്യ കാർമികത്വം വഹിക്കും.

പട്ടം സെൻ്റ് മേരിസ് കത്തീഡ്രലിൽ നടക്കുന്ന പ്രാർത്ഥനകൾക്കും കാൽ കഴുകൽ ശുശ്രൂഷകൾക്കും ബസേലിയോസ് ക്ലിമിസ് കാതോലിക്കബാവ നേതൃത്വം നൽകും. ഓർത്തഡോക്സ‌് – യാക്കോബായ പള്ളികളിൽ രാത്രിയോടെ പെസഹ ശുശ്രൂഷകൾ നടന്നു. ഗുജറാത്തിലെ ബറോഡ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ പെസഹാ ശുശ്രൂഷകൾ നടന്നു. ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിച്ചു. വ്യാഴാഴ്ച കാൽകഴുകൽ ശിശ്രുഷകൾക്ക് ബാവ നേതൃത്വം നൽകും. വിശുദ്ധ വാരം ബറോഡയിലെ പള്ളിയിലാണ് ബാവ ചടങ്ങുകളിൽ പങ്കെടുക്കുന്നത്. 

കുരിശുമരണം വരിക്കുന്നതിനു മുൻപായി യേശു തന്റെ ശിഷ്യന്മാരുടെ ഒപ്പം അവസാനമായി കഴിച്ച അത്താഴത്തിന്റെയും അതിനു മുൻപായി അദ്ദേഹം അവരുടെ കാലുകൾ കഴുകിയതിന്റെയും ഓർമ്മ പുതുക്കലായാണ് ഈ ദിനം ആചരിക്കപ്പെടുന്നത്. ഈ ദിവസം ദേവാലയങ്ങളിൽ വിശുദ്ധ കുർബാനയ്ക്കു പുറമേ പ്രത്യേക പ്രാർത്ഥനകളും കാൽ കഴുകൽ ശുശ്രൂഷയും വീടുകളിൽ പെസഹാ അപ്പം മുറിക്കുന്ന ചടങ്ങും ഉണ്ടാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!