കാറിലെത്തിയ സംഘം യുവാവിനെ വെട്ടികൊലപ്പെടുത്തി

Share our post

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരക്ക് സമീപം കൊടങ്ങാവിളയില്‍ കാറിലെത്തിയ അഞ്ചംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ഊരൂട്ടുകാല ഖാദി ബോര്‍ഡ് ഓഫീസിന് സമീപം ചരല്‍കല്ലുവിള വീട്ടില്‍ ഷണ്‍മുഖന്‍ ആശാരിയുടെയും രാജലക്ഷ്മിയുടെയും മകന്‍ ആദിത്യന്‍(23)ആണ് കൊല്ലപ്പെട്ടത്. കൊടങ്ങാവിള കവലയ്ക്ക് സമീപം ബുധനാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ ആദിത്യനെ കാറിലെത്തിയ അഞ്ചംഗ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ആദിത്യന്‍, പ്ലാമൂട്ടുക്കട സ്വദേശിയില്‍ നിന്നും ബൈക്ക് പണയപ്പെടുത്തി പണം വാങ്ങിയിരുന്നു. പണയപ്പെടുത്തിയ ബൈക്കിന് ഇരുപതിനായിരം രൂപയാണ് നിശ്ചയിച്ചത്. ഇതില്‍ പതിനായിരം രൂപ നല്‍കി. ബാക്കി പണത്തിനായി ആദിത്യന്‍ എത്തിയപ്പോള്‍ പ്ലാമൂട്ടുക്കട സ്വദേശി ആദിത്യനെ ആക്രമിച്ചു. ഈ സംഭവത്തിന് ശേഷം പണമിടപാട് സംബന്ധിച്ച കാര്യം പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞ് ആദിത്യനെ സംഘം കൊടങ്ങാവിളയില്‍ വിളിച്ചുവരുത്തി. തുടര്‍ന്നാണ് കാറിലുണ്ടായിരുന്നവര്‍ വാളുമായി ആദിത്യനെ ആക്രമിച്ചത്. ആക്രമണത്തിനിടെ വെട്ടേറ്റ് ആദിത്യന്‍ റോഡില്‍ വീണു. അപ്പോഴെയ്ക്കും നാട്ടുകാര്‍ ഓടിക്കൂടിയെത്തി. ഇതോടെ അക്രമിസംഘം കാറുപേക്ഷിച്ച് കടന്നുകളയുകയായിരുന്നെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം.

അമരവിളയിലെ ഒരു സ്വകാര്യ മൈക്രോഫിനാന്‍സ് സ്ഥാപനത്തിലെ ജീവനക്കാരനാണ് ആദിത്യന്‍. ആദിത്യനും കുടുംബവും ഇപ്പോള്‍ പത്താംകല്ലിലെ വാടകവീട്ടിലാണ് താമസിക്കുന്നത്. ആദിത്യനും അക്രമിസംഘവും തമ്മിലുണ്ടായ പിടിവലിയില്‍ ഇവര്‍ ഉപേക്ഷിച്ച കാറിന്റെ ഗ്ലാസും തകര്‍ന്നിരുന്നു. അക്രമി സംഘത്തിനായി പോലീസ് തിരച്ചില്‍ ശക്തമാക്കി. മൃതദേഹം ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിൽ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!