സംവിധാനം, അഭിനയം ആർട്ടിസ്റ്റ് സുജാതൻ; ഇന്ന് ലോക നാടകദിനം

Share our post

കോട്ടയം:നാടകം: ‘കാട്ടുകുതിര’. രംഗപടം, അഭിനയം, സംവിധാനം: ആർട്ടിസ്റ്റ് സുജാതൻ. ലോക നാടകദിനത്തിൽ രംഗപടത്തിന് പുറമേ നാടകം സംവിധാനംചെയ്ത് വേദിയിൽ എത്തിക്കുന്നു, സുജാതൻ. ഒപ്പം ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്നു.

1980-കളിൽ എസ്.എൽ.പുരം സദാനന്ദൻ രചിച്ച ‘കാട്ടുകുതിര’യിലെ ആനക്കാരന്റെ േവഷമാണ് സുജാതൻ അവതരിപ്പിക്കുന്നത്. അന്ന് നാലു വർഷംതുടർച്ചയായി വേദികളിൽ അവതരിപ്പിക്കപ്പെട്ട നാടകം രണ്ടു മണിക്കൂറിലേറെ ദൈർഘ്യമുള്ളതായിരുന്നു. അത് 48 മിനിറ്റിൽ ഒതുക്കിയിയാണ് സുജാതന്റെ പുതിയ പരീക്ഷണം.

‘‘ഇന്ന് അത്രനേരം നാടകം കാണാനുള്ള ക്ഷമ പ്രേക്ഷകനില്ല. അതിനാൽ സമയം ചുരുക്കി. ഒപ്പം പ്രേക്ഷകർക്ക് ആകർഷകമായ കൊച്ചുവാവയുടെ തമാശയും ഉദ്വേഗവും കൂടുതൽ ഉൾപ്പെടുത്തി. ക്ലൈമാക്സിന്റെ ഭംഗി അതേ പോലെ ഉൾപ്പെടുത്തി. 11 കഥാപാത്രങ്ങളും രംഗത്തുവരുന്നുണ്ട്.’’ -സുജാതൻ പറയുന്നു.രംഗപടങ്ങൾ ഒരുക്കുന്ന തിരക്കിനിടയിലും 1973 മുതൽ 2005 വരെ ഒരു നാടകം സംവിധാനംെചയ്ത് വേദിയിൽ എത്തിക്കുന്ന പതിവുണ്ടായിരുന്നു, സുജാതന്. 20 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും നാടകം വേദിയിൽ എത്തിക്കുന്നത്.

ചരിത്രത്തിൽ ആദ്യമായി ഒരു വില്ലൻ നാടകത്തിലെ കേന്ദ്രകഥാപാത്രമാകുന്ന പുതുമയുണ്ടായിരുന്നു, ‘കാട്ടുകുതിര’യ്ക്ക്. അന്ന് നാടകം പ്രധാനമായി രണ്ട് രംഗപടത്തിലാണ് അവതരിപ്പിച്ചത്. ഒരു പൊളിഞ്ഞ േകാവിലകവും കൊച്ചുബാവയുടെ ബംഗ്ളാവും. ഈ രണ്ട് രംഗപടം തയ്യാറാക്കിയതും സുജാതനായിരുന്നു. ഇക്കുറി നാടകത്തിന് ഒരുസെറ്റ് മാത്രമാണ്. കൊച്ചുവാവയുടെ വീട്. മറ്റൊരുപുതുമ ഗാനങ്ങൾ തത്സമയം അവതരിപ്പിക്കുന്നതാണ്.

സുജാതൻ പ്രസിഡന്റായി കോട്ടയം വേളൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ആത്മ സംഘടനയാണ് നാടകം രംഗത്തെത്തിക്കുന്നത്. ചെലവ് കണ്ടെത്തുന്നതും ആത്മ അംഗങ്ങളാണ്. ഒരുതവണ നാടകം അവതരിപ്പിക്കുന്നതിനുവേണ്ടത് 30,000 രൂപ. അംഗങ്ങൾ വിഹിതം നൽകുമ്പോൾ ഓരോത്തർക്കും നാടകത്തോടുള്ള കന്പം പ്രകടം. ആർട്ടിസ്റ്റ് സുജാതനെ കൂടാതെ സിനിമകളിൽ അഭിനയിച്ചിട്ടുള്ള സോമു മാത്യു, ജയശ്രീ ഉപേന്ദ്രനാഥ്, വിനു സി.ശേഖർ എന്നിവരടക്കം വേദിയിൽ എത്തും.

ബുധനാഴ്ച വൈകീട്ട് ഏഴിന് കോട്ടയം വേളൂർ ആർട്ടിസ്റ്റ് േകശവൻ മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നാടകം അരങ്ങേറും. ‘കാട്ടുകുതിര’ നാടകത്തിലെ കൊച്ചുവാവയുടെ കഥാപാത്രത്തിലൂടെയാണ് നടൻ രാജൻ പി.ദേവ് ശ്രദ്ധേയനായത്. പിന്നീട് 1990-ൽ പി.ജി. വിശ്വംഭരൻ ‘കാട്ടുകുതിര’ സിനിമ ചെയ്തപ്പോൾ തിലകനാണ് കൊച്ചുവാവയായത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!