കുട്ടിഡ്രൈവർ സ്കൂട്ടർ ഓടിച്ചു; മാതാവ് 55,000 പിഴയടക്കണം

തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടർ ഓടിച്ചതിന് ആർ.സി ഉടമയായ മാതാവിന് പൊലീസ് 55,000 രൂപ പിഴ ചുമത്തി. കാക്കാഞ്ചാലിലെ പുതിയകത്ത് വീട്ടിൽ പി. റഹ്മത്തിനാണ് (41)പിഴ ചുമത്തിയത്.
റഹ്മത്തിന്റെ 14 വയസ്സുള്ള മകൻ കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് 12.15 ഓടെ കാക്കാഞ്ചാലിൽനിന്ന് സ്കൂട്ടർ കാൽനടയാത്രക്കാർക്ക് അപകടം വരുത്തുന്ന രീതിയിൽ ഓടിച്ചുവരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ട്രാഫിക് എസ്.ഐ ഷിബു എഫ്. പോളിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ആർ.സി ഉടമ റഹ്മത്താണെന്ന് കണ്ടതിനെത്തുടർന്നാണ് അരലക്ഷം രൂപ പിഴയും ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് അയ്യായിരം രൂപ പിഴയുമുൾപ്പെടെ 55,000 രൂപ അടക്കാൻ നിർദേശിച്ചത്.