ആറ് സര്‍വകലാശാലകളില്‍ നാല് വര്‍ഷ ബിരുദം ആരംഭിക്കും

കണ്ണൂർ : എം.ജി, കാലിക്കറ്റ്, കണ്ണൂർ, കേരള, മലയാളം, സംസ്കൃത സർവകലാശാലകളിൽ നാലുവർഷ ബിരുദം ജൂലൈയിൽ ആരംഭിക്കും. നാലുവർഷ ബിരുദ കരിക്കുലം കമ്മിറ്റിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ സർവകലാശാലകൾ റെഗുലേഷനും സിലബസും തയ്യാറാക്കി. കേരള സർവകലാശാലയുടെ സിലബസ് അക്കാദമിക കൗൺസിലിന്റെ പരിഗണനയിലാണ്.
കോളേജുകളിലെ ബി.എ, ബി.എസ്.സി, ബി.കോം കോഴ്‌സുകൾ മാത്രമാണ് ആദ്യഘട്ടത്തിൽ നാലുവർഷത്തിലേക്ക് മാറുന്നത്. ബി-വോക് പോലെ പുതുതലമുറ കോഴ്സുകളുടെ സിലബസ് അടുത്ത അധ്യയനവർഷം പ്രസിദ്ധീകരിക്കും.
ബിരുദാനന്തര ബിരുദത്തിന്റെ ഘടനയിലെ മാറ്റം അടുത്ത
ഘട്ടമായി ചർച്ച ചെയ്യും. എല്ലാ സർവകലാശാലകളിലും ക്ലാസുകൾ തുടങ്ങുന്നത്, പരീക്ഷാ തീയതി, ഫലപ്രഖ്യാപനം, അവധി തുടങ്ങിയവ ഏകീകരിക്കും. ക്രെഡിറ്റിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികൾക്ക് ഇഷ്ടമുള്ള സർവകലാശാലയിലേക്ക് മാറാനാകും. ഏകീകൃത കലണ്ടർ വരുന്നതോടെ സർവകലാശാലാ മാറ്റം എളുപ്പമാകും.
കേരള സർവകലാശാല രജിസ്ട്രാർ പ്രൊഫ. കെ.എസ്. അനിൽകുമാർ കൺവീനറും മറ്റ് സർവകലാശാല രജിസ്ട്രാറുമാർ അംഗങ്ങളുമായ അക്കാദമിക കലണ്ടർ രൂപീകരണ കമ്മിറ്റി ഏപ്രിൽ പകുതിയോടെ റിപ്പോർട്ട് സമർപ്പിക്കും. ജൂണിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ച് ഏകജാലക രീതിയിലാകും പ്രവേശനം. ജൂലൈയിൽ ക്ലാസ് ആരംഭിക്കും.