ഇരിട്ടി: വേനല് കടുത്തതോടെ പാമ്പുകള് ഈര്പ്പംതേടി ഇറങ്ങുമ്പോള് ഫൈസലും തിരക്കിലാണ്. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില് മാത്രം ആറ് രാജവെമ്പാലകളെയാണ് മലയോരത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നും പിടികൂടിയത്. രണ്ടുവര്ഷത്തിനുള്ളില് ഏകദേശം ആയിരത്തി അറുനൂറ്റമ്പതിന് മേലെ പാമ്പുകളെ പിടികൂടിയിട്ടുണ്ട് ഫൈസല്.
ചൂട് വര്ധിക്കുന്നതോടെ ഫൈസല് വിളക്കോടിന്റെ ഫോണിനും വിശ്രമമുണ്ടാകില്ല. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ തന്നെ സമീപിക്കുന്ന ആളുകളുടെ പരിഭ്രാന്തി അകറ്റാന് ഫൈസല് റെഡി. കണ്ണൂര് മാര്ക്ക് സംഘടനയുടെ പ്രവര്ത്തകനായ ഫൈസല് വനം വകുപ്പില് താൽക്കാലിക വാച്ചറായി ജോലി ചെയ്തുവരുകയാണ്. മാര്ച്ച് മാസം രാജവെമ്പാലകള് ഇണചേരുന്ന സമയം കൂടിയാണ്.
അതിനാലാണ് ഈ സമയങ്ങളില് രാജവെമ്പാലകളെ കൂടുതലായി കാണുന്നത്. മാര്ച്ച് മാസത്തില് മാത്രം ഏഴ് രാജവെമ്പാലകളെ ഇരിട്ടി മേഖലയില് നിന്നും പിടികൂടിയെന്ന് ഫൈസല് പറഞ്ഞു. ആറളം ഫാം പുനരധിവാസ മേഖല, അയ്യന്കുന്ന് പഞ്ചായത്തിലെ പാലത്തുംകടവ് എന്നിവിടങ്ങളില് നിന്നായി കഴിഞ്ഞ ദിവസങ്ങളില് പിടികൂടിയത് നാല് രാജവെമ്പാലകളെ.
കടുവയും കാട്ടുപോത്തും കാട്ടാനകളും കാട്ടുപന്നികളും കുരങ്ങുകളും ഉള്പ്പെടെയുള്ള വന്യമൃഗങ്ങള് കാട് ഇറങ്ങുന്നതിനെ തുടര്ന്നു പൊറുതിമുട്ടിയ മലയോര ജനതയുടെ മുന്നിലേക്ക് രാജവെമ്പാലകള് കൂടി എത്തിത്തുടങ്ങിയത് മലയോര വാസികളുടെ ഉറക്കം കെടുത്തുകയാണ്.
ആളുകൾ ഇറങ്ങാൻ ഭയക്കുന്ന ഈ മേഖലയിൽ ജീവൻ പണയം വെച്ചും ഇറങ്ങുന്നത് പാമ്പുകളോടുള്ള ഇഷ്ടം കൊണ്ടാണെന്ന് ഫൈസല് പറഞ്ഞു. പണ്ട് നാട്ടിന്പുറങ്ങളില് കാണാറുള്ള പാമ്പാട്ടികളും മകുടിയുടെ താളത്തിനൊപ്പം ഫണം വിരിച്ചാടുന്ന പാമ്പുകളും ചെറുപ്രായത്തില് ഇദ്ദേഹത്തിന് ഏറെ കൗതുകമായിരുന്നു.
പിന്നീട് വീടിനടുത്തുള്ള ചെറു പാമ്പുകളെ പിടിച്ചു തുടങ്ങിയ ഫൈസല് രണ്ടുവര്ഷമായി രാജവെമ്പാലകളെ പിടിക്കാന് തുടങ്ങിയിട്ട്. പിന്തുണയുമായി ഭാര്യ ശബാനയും മക്കളായ മുഹമ്മദ് ഷാസിലും, ആയിഷ ഐമിനും കൂടെയുണ്ട്.