എസ്.എസ്.എൽ.സി പരീക്ഷ ഇന്ന് അവസാനിക്കും; ഫലം മെയ് രണ്ടാംവാരം

തിരുവനന്തപുരം: മാർച്ച് നാലിന് ആരംഭിച്ച പത്താം ക്ലാസ് പൊതു പരീക്ഷ ഇന്ന് അവസാനിക്കും. 3000 ത്തോളം പരീക്ഷാ കേന്ദ്രങ്ങളിലായി നാലേകാൽ ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഏപ്രിൽ മൂന്ന് മുതൽ 20 വരെ രണ്ട് ഘട്ടങ്ങളിലായാണ് ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നടക്കുക. 70 ക്യാമ്പുകളിലായി പതിനായിരത്തോളം അധ്യാപകർ എസ്.എസ്.എൽ.സി മൂല്യനിർണ്ണയ ക്യാമ്പിൽ പങ്കെടുക്കും.മെയ് രണ്ടാംവാരം ഫലം പ്രഖ്യാപിക്കും.
അതെ സമയം ഹയർസെക്കൻഡറി പരീക്ഷകൾ നാളെയാണ് അവസാനിക്കുന്നത്. 77 ക്യാമ്പുകളിലായി ഹയർസെക്കൻഡറി പരീക്ഷയുടെ മൂല്യനിർണ്ണയവും നടക്കും. എട്ട് ക്യാമ്പുകളിലായി 22000 അധ്യാപകർ വൊക്കേഷണൽ ഹയർ സെക്കൻഡറി മൂല്യനിർണ്ണയത്തില്‍ പങ്കെടുക്കും.
ഹയർസെക്കൻഡറി വിഭാഗത്തില്‍ 2017 പരീക്ഷാ കേന്ദ്രങ്ങളിലായി ഒന്നാം വർഷം 4,15,044 വിദ്യാർഥികളും രണ്ടാം വർഷം 4,44,097 വിദ്യാർഥികളുമാണ് പരീക്ഷ എഴുതുന്നത്.