പോലീസുകാർക്ക് ആശ്വാസം : കണ്ണവം സ്റ്റേഷന് കെട്ടിടമൊരുങ്ങുന്നു

ചിറ്റാരിപ്പറമ്പ് : മാസങ്ങളായി മുടങ്ങിക്കിടന്ന കണ്ണവം പോലീസ് സ്റ്റേഷന്റെ നിർമാണം വീണ്ടും തുടങ്ങി. കരാർ ബിൽ തുക കിട്ടാത്തതിനാൽ കണ്ണവം വില്ലേജ് ഓഫീസിന് സമീപം പുതുതായി നിർമിക്കുന്ന കണ്ണവം പോലീസ് സ്റ്റേഷന്റെ കെട്ടിട പ്രവൃത്തി തടസ്സപ്പെട്ടിരുന്നു.
അധികൃതരുടെ ഇടപെടലിനെ തുടർന്നാണ് കരാറുകാരൻ വീണ്ടും പ്രവൃത്തി തുടങ്ങിയത്. കണ്ണവം പോലീസ് സ്റ്റേഷൻ നിർമിക്കുന്ന ഇരുനില ഹൈടെക് കെട്ടിടത്തിന്റ കോൺക്രീറ്റ് പ്രവൃത്തി പൂർത്തിയായെങ്കിലും അനുബന്ധ പ്രവൃത്തികളാണ് മുടങ്ങിയത്. 8,000 ചതുരശ്രയടി വിസ്തൃതിയുള്ള ഇരുനില കെട്ടിടത്തിന്റെ പ്ലാസ്റ്ററിങ് കഴിഞ്ഞു.
വർഷത്തെ കാത്തിരിപ്പ്
കണ്ണവം ടൗണിന് സമീപം 22 വർഷമായി വാടകക്കെട്ടിടത്തിലാണ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. മഴയത്ത് ചോർന്നൊലിക്കുന്ന കെട്ടിടത്തിലാണ് ഇൻസ്പെക്ടറും വനിത ജീവനക്കാരും ഉൾപ്പെടെയുള്ള 42 ജീവനക്കാർ ജോലിചെയ്യുന്നത്. സ്ഥലം ഇല്ലാത്തതിനാൽ പിടിച്ചെടുത്ത വാഹനങ്ങൾ റോഡരികിലാണ് സൂക്ഷിക്കാറുള്ളത്.
സ്റ്റേഷൻ കെട്ടിടം നിർമിക്കാൻ വേണ്ട സ്ഥലം വനംവകുപ്പിൽനിന്ന് വിട്ടുകിട്ടാൻ താമസിച്ചതാണ് കെട്ടിട നിർമാണം വൈകാൻ കാരണം. കണ്ണവം വില്ലേജ് ഓഫീസിന് സമീപത്തുള്ള 57 സെന്റ് സ്ഥലം വിട്ടുകിട്ടാൻ പോലീസ് അപേക്ഷ നൽകിയെങ്കിലും 27 സെന്റ് സ്ഥലമാണ് വനം വകുപ്പ് വിട്ടുനൽകിയത്.
കണ്ണൂരിൽ നടന്ന പോലീസിന്റെ ജില്ലാതല പരാതി പരിഹാര അദാലത്തിൽ മുൻ ഡി.ജി.പി. അനിൽകാന്താണ് വനംവകുപ്പിൽനിന്ന് വിട്ടുകിട്ടിയ 27 സെന്റ് സ്ഥലത്ത് സ്റ്റേഷൻ കെട്ടിടം നിർമിക്കാൻ നിർദേശം നൽകിയത്. കെട്ടിടനിർമാണത്തിന് 2.49 കോടി രൂപയാണ് അനുവദിച്ചിരുന്നത്.
കേരള പോലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് പ്രവൃത്തി നടത്തുന്നത്.