ജെ.എന്‍.യു തിരഞ്ഞെടുപ്പ്: എ.ബി.വി.പിയെ പരാജയപ്പെടുത്തി ഇടത് സഖ്യം; നാല് സീറ്റിലും ജയം

Share our post

ന്യൂഡല്‍ഹി: നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നടന്ന വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വിജയം.

പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, ജനറല്‍ സെക്രട്ടറി എന്നീ നാലു സ്ഥാനങ്ങളിലും എ.ബി.വി.പി സ്ഥാനാര്‍ഥികളെ ഇടതുസ്ഥാനാര്‍ഥികള്‍ പരാജയപ്പെടുത്തി. പ്രസിഡന്റായി ഇടതുസ്ഥാനാര്‍ഥി ധനഞ്ജയ്‌യെ തിരഞ്ഞെടുത്തു. 922 വോട്ടുകള്‍ക്കാണ് ധനഞ്ജയ് എബിവിപിയുടെ ഉമേഷ് ചന്ദ്ര അജ്മീറയെ പരാജയപ്പെടുത്തിയത്. ധനഞ്ജയ്ക്ക് 2598 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എ.ബി.വി.പി സ്ഥാനാര്‍ഥിക്ക് 1676 വോട്ടെ ലഭിച്ചുള്ളൂ.

ജനറല്‍ സെക്രട്ടറിയായി പ്രിയാന്‍ഷി ആര്യയെ തിരഞ്ഞെടുത്തു. 2887 വോട്ടുകളാണ് പ്രിയാന്‍ഷി ആര്യ നേടിയത്. ഇടതുപക്ഷത്തിന്റെ പിന്തുണയോടെയാണ് ആര്യ ബി.എ.പി.എസ്എ സ്ഥാനാര്‍ഥിയായി മത്സരിച്ചത്. എ.ബി.വി.പിയുടെ അര്‍ജുന്‍ ആനന്ദിന് 1961 വോട്ടുകള്‍ ലഭിച്ചു.

2574 വോട്ടുകളോടെ ഇടത് സ്ഥാനാര്‍ഥി എം.ഒ.സാജിദ് ജോയന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. എതിര്‍സ്ഥാനാര്‍ഥി എ.ബി.വി.പിയുടെ ഗോവിന്ദ് ദാന്‍ഗിക്ക് 2066 വോട്ടാണ് ലഭിച്ചത്.

വൈസ്. പ്രസിഡന്റായി അവിജിത് ഘോഷ് തിരഞ്ഞെടുക്കപ്പെട്ടു. അവിജിതിന് 2409 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എ.ബി.വി.പിയുടെ ദീപിക ശര്‍മയ്ക്ക് 1482 വോട്ടുകളാണ് കിട്ടിയത്.

സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിലെ കൗണ്‍സിലര്‍ സ്ഥാനാര്‍ഥി എസ്.എഫ്.ഐ. പാനലില്‍ മത്സരിച്ച തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശിനി ഗോപിക ബാബുവും വിജയിച്ചിട്ടുണ്ട്.

ഇടത് വിദ്യാര്‍ഥി സംഘടനകളായ ഐസ, എസ്.എഫ്.ഐ., എ.ഐ.എസ്.എഫ്., ഡി.എസ്.എഫ്. എന്നിവ സഖ്യത്തിലാണ് മത്സരിച്ചത്. ബാലറ്റിലൂടെ നടന്ന വോട്ടെടുപ്പില്‍ 73 ശതമാനം വോട്ട് രേഖപ്പെടുത്തിയിരുന്നു. ആറായിരത്തോളം പേരാണ് വോട്ടുചെയ്തത്. എ.ബി.വി.പി., എന്‍.എസ്.യു.ഐ., ആര്‍.ജെ.ഡി.യുടെ വിദ്യാര്‍ഥിവിഭാഗമായ ഛാത്ര രാഷ്ട്രീയ ജനതാദള്‍, ബാപ്‌സ, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് എന്നീ സംഘടനകളും മത്സരരംഗത്ത് ഉണ്ടായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!