നാലുവർഷ ബിരുദ മൂല്യനിർണയം; എ.ഐ ഉപയോഗിക്കാനൊരുങ്ങി ഉന്നത വിദ്യാഭ്യാസവകുപ്പ്

Share our post

തിരുവനന്തപുരം: നാലുവർഷബിരുദം നടപ്പിലാകുമ്പോൾ മൂല്യനിർണയം പൂർണമായും ഹൈടെക് ആക്കാൻ ഉന്നതവിദ്യാഭ്യാസവകുപ്പ്. എ.ഐ സംവിധാനം ഉപയോഗപ്പെടുത്തി പുതിയ മൂല്യനിർണയ രീതി അവതരിപ്പിക്കും. ഫലപ്രഖ്യാപനത്തിലെ കാലതാമസവും സാങ്കേതിക പ്രശ്‌നങ്ങളും ഒഴിവാക്കുന്നതിനാണ് പരിഷ്‌കരണം

ഉന്നതവിദ്യാഭ്യാസ മേഖല അടിമുടി പൊളിച്ചെഴുന്നതിന്റെ ഭാഗമായാണ് പരിഷ്‌കാരം. ക്യാമ്പുകളിൽ വച്ചുള്ള മൂല്യനിർണയം ഒഴിവാക്കി മാർക്കിടൽ പൂർണ്ണമായും ഓൺലൈനിലേക്ക് മാറ്റാനാണ് തീരുമാനം. ഇതിനായി പ്രത്യേകം സോഫ്റ്റ്വെയറും വെബ് പോർട്ടലും തയ്യാറാക്കും. എ.ഐ സംവിധാനത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് പുതിയ മാറ്റം ആലോചിക്കുന്നത്. മൂല്യനിർണയം നടത്തുന്നതിനായി പേപ്പറുകൾ സ്‌കാൻ ചെയ്ത് പോർട്ടലിൽ അപ്ലോഡ് ചെയ്യും.

ഇങ്ങനെ അപ്ലോഡ് ചെയ്യുന്ന പേപ്പറുകൾ ഡിജിറ്റൽ ഉപകരണങ്ങൾ വഴി ചുമതലപ്പെടുത്തുന്ന അധ്യാപകർക്ക് എവിടെയിരുന്ന് വേണമെങ്കിലും പരിശോധിക്കാം. ഇതുവഴി മൂല്യനിർണയം കൂടുതൽ സുതാര്യമാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. മാർക്കിട്ട പേപ്പറുകൾ വിദ്യാർഥികൾക്ക് പരിശോധിക്കാനുള്ള സൗകര്യവും ഒരുക്കും.സുരക്ഷ ഉറപ്പാക്കുന്നതിനായി ഫിംഗർപ്രിന്റ്, ഫെയ്‌സ് റെക്കഗ്‌നിഷൻ തുടങ്ങിയ സംവിധാനങ്ങൾ ക്രമീകരിക്കും.

അതേ സമയം പുതിയ സജ്ജീകരണങ്ങൾ പരീക്ഷ മൂല്യനിർണയത്തിൽ സഹായമാകും എന്നാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടൽ. അതിവേഗം ഫലംപ്രഖ്യാപിക്കാൻ കഴിയും എന്നതാണ് പുതിയ രീതിയുടെ സവിശേഷത. പരീക്ഷാ പേപ്പറുകൾ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ചെലവും ഒഴിവാക്കാം


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!