തലശ്ശേരി: നഗരത്തിലെ പ്രധാന ടൂറിസം വിനോദ കേന്ദ്രമാണ് കടൽപാലവും പരിസരവും. പൈതൃക ടൂറിസം പദ്ധതിയിലുൾപ്പെടുത്തി നവീകരിച്ച ഇവിടെ സിനിമാക്കാരുടെ പ്രധാന ലോക്കേഷൻ കേന്ദ്രമായും മാറി. എന്നാൽ, ഇവിടെ നടക്കുന്ന അസാന്മാർഗിക പ്രവർത്തനങ്ങളും മയക്കുമരുന്ന് വിപണനവും തടയാൻ ആരുമില്ല. പട്ടാപകലും മയക്കുമരുന്ന് മാഫിയ സംഘം അടക്കി വാഴുകയാണിവിടെ.
ടൂറിസ്റ്റുകളുടെ സുരക്ഷക്കായി കടൽപാലം പരിസരത്ത് പൊലീസ് എയ്ഡ് പോസ്റ്റും നിരീക്ഷണ കാമറയും സജ്ജമാക്കിയിട്ടുണ്ടെങ്കിലും എല്ലാം നോക്കുകുത്തിയായി. എയ്ഡ് പോസ്റ്റ് പലപ്പോഴും അടഞ്ഞുകിടക്കുകയാണ്. രാത്രിയിലും പൊലീസ് സേവനമില്ല. ബ്രൗൺ ഷുഗർ, കഞ്ചാവ്, ഉൾപ്പെടെയുളള ലഹരി വസ്തുക്കൾ കടത്തിക്കൊണ്ടുവന്ന് വിൽക്കുന്നവരും ഉപയോഗിക്കുന്നവരും ഇവിടം പിടിമുറുക്കുകയാണ്.
ഒളിഞ്ഞും തെളിഞ്ഞുമുള്ള മയക്കുമരുന്ന് വിപണനം വ്യാപകമായിട്ടും പൊലീസോ, എക്സൈസ് വിഭാഗമോ ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തയാറാവുന്നില്ല. മയക്കുമരുന്ന് ഉപയോഗിക്കാൻ കൈയിൽ പണമില്ലെങ്കിൽ അക്രമസ്വാഭാവം കാണിക്കുന്ന ഒരുപറ്റം യുവാക്കൾ ഇവിടെ അടക്കിവാഴുകയാണ്.
തദ്ദേശീയർക്ക് പുറമെ കടലോരത്തെ ചില ലോഡ്ജുകളിൽ താമസിക്കുന്ന ഇതര സംസ്ഥാനക്കാരിൽ ചിലരും മയക്കുമരുന്നിന് അടിമകളാണ്. ശനിയാഴ്ച വൈകീട്ട് കടൽപാലത്തിന് സമീപം മധ്യവയസ്കനായ ഒരാൾ ആക്രമിക്കപ്പെട്ടത് ഞെട്ടലുളവാക്കുകയാണ്. പാലത്തിന് മുന്നിൽ ഉപ്പിലിട്ട ഭക്ഷണ പദാർഥങ്ങൾ വിൽപന നടത്തുന്ന മട്ടാമ്പ്രം സി.കെ ഹൗസിൽ കെ. റഷീദിനെ (62) അക്രമിച്ചത് മയക്കുമരുന്ന് വിൽപനയുമായി ബന്ധമുള്ളവരാണെന്നാണ് പൊലീസ് പറഞ്ഞത്. ചോദിച്ച പണം നൽകാൻ തയ്യാറാകാത്തതിനാലാണ് റഷീദിനെ കുത്തിപ്പരിക്കേൽപിച്ചത്. കൈക്ക് ഗുരുതരമായി മുറിവേറ്റ ഇദ്ദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഈ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായിട്ടുണ്ട്.
കടൽപാലവും ചുറ്റുവട്ട പ്രദേശങ്ങളും മയക്കുമരുന്ന് മാഫിയക്കാർ അടക്കി വാഴാൻ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും ഇത്തരക്കാർക്കെതിരെ നടപടി ചെറിയ ശിക്ഷയിൽ മാത്രമൊതുങ്ങുകയാണ്. തലശ്ശേരി വീനസ് കോർണറിലെ കോഓപ്പറേറ്റിവ് ഹോസ്പിറ്റൽ പരിസരത്ത് നെട്ടൂർ സ്വദേശികളും ബന്ധുക്കളുമായ രണ്ടു പേരെ കുത്തിക്കൊന്നതും ലഹരി മാഫിയ സംഘത്തിൽപ്പെട്ടവരാണ്.
ലഹരി ഉൽപന്നങ്ങൾ എത്തുന്നത് ട്രെയിൻ മാർഗം
കഞ്ചാവ്, ബ്രൗൺ ഷുഗർ ഉൾപ്പെടെയുള്ള ലഹരി ഉൽപന്നങ്ങൾ തലശ്ശേരിയിൽ അധികവും എത്തുന്നത് ട്രെയിൻ മാർഗമാണ്. ഇതരസംസ്ഥാന തൊഴിലാളികൾ വഴിയാണ് ഇവ കൂടുതലും നഗരത്തിലെത്തുന്നത്.
തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ വെച്ച് പലപ്പോഴും കഞ്ചാവ് പിടികൂടിയിട്ടുമുണ്ട്. തലശ്ശേരി, മുഴപ്പിലങ്ങാട്, എടക്കാട് എന്നിവിടങ്ങളിൽ വ്യാപകമായ തോതിൽ ലഹരി ഉത്പന്നങ്ങൾ അതീവരഹസ്യമായി കടത്തിക്കൊണ്ടുവരുന്ന സംഘം തന്നെയുണ്ട്. ഉന്നത ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന രഹസ്യസന്ദേശം വഴിയാണ് കടത്തുകാരായ ചിലരെങ്കിലും പൊലീസിന്റെയോ, എക്സൈസ് സംഘത്തിന്റെയോ വലയിലാകുന്നത്. മയക്കുമരുന്നിന് അടിമകളായ ചില യുവാക്കൾ അടുത്തകാലത്ത് ദുരൂഹസാചര്യത്തിൽ മരിച്ച സംഭവങ്ങളുണ്ടായിട്ടും ഇതിന്റെ പിന്നാമ്പുറം അന്വേഷിക്കാൻ അധികൃതർ വേണ്ടത്ര താൽപര്യമെടുക്കുന്നില്ല.
വിദ്യാർഥികളുൾപ്പെടെയുളളവരെ വശീകരിച്ച് ലഹരിക്കടിമകളാക്കുന്ന സംഘം നഗരത്തിൽ അടുത്തകാലത്തായി സജീവമാണ്. സ്കൂളുകൾ കേന്ദ്രീകരിച്ചും മറ്റും ഇതിനെതിരെ ശക്തമായ ബോധവത്കരണം നടക്കുന്നുണ്ടെങ്കിലും മയക്കുമരുന്ന് വിൽപനക്കാരെ കണ്ടെത്തി പിടികൂടാൻ ഉദ്യോഗസ്ഥർ മുതിരുന്നില്ല. തലശ്ശേരി നഗരത്തിലെ ആൾതാമസമില്ലാത്ത ക്വാർട്ടേഴ്സുകൾ, അടച്ചിട്ട വീടുകൾ, കടൽപാലം എന്നിവിടങ്ങളാണ് ലഹരി വിൽപന സംഘം താവളമാക്കുന്നത്. ഇതരസംസ്ഥാനങ്ങളിൽ നിന്ന് ട്രെയിൻ മാർഗം കടത്തിക്കൊണ്ടു വരുന്ന ലഹരി വസ്തുക്കൾ കൈമാറ്റം ചെയ്യുന്നതും ഈ കേന്ദ്രങ്ങളിൽ വെച്ചാണ്.
മാന്യമായ വസ്ത്രങ്ങൾ ധരിച്ച് ആഡംബര വാഹനങ്ങളിൽ എത്തുന്ന സംഘത്തിന്റെ പ്രധാന കണ്ണികളെ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് സാധിക്കുന്നില്ല. തലശ്ശേരി മത്സ്യമാർക്കറ്റ് പരിസരം, നഗരത്തിലെ സ്കൂൾ പരിസരം, തലശ്ശേരി കോട്ട തുടങ്ങിയ സ്ഥലങ്ങളിലും ലഹരി ഉൽപന്നങ്ങളുടെ വിപണനം സജീവമാണ്. പ്രലോഭനങ്ങൾ നൽകി വിദ്യാർഥികളെയും മയക്കുമരുന്ന് കടത്തുകാർ കരിയർമാരാക്കുന്നതായി വിവരമുണ്ട്.