സിറ്റി ഗ്യാസ്: അടുത്തവർഷം 40 സി.എൻ.ജി സ്റ്റേഷൻ; കൂടുതൽ വീടുകളിലേക്ക് പൈപ്പിടൽ

Share our post

കണ്ണൂർ : ‌സിറ്റി ഗ്യാസ് പദ്ധതിക്കായി നിർമിച്ച 16 കിലോമീറ്റർ പൈപ്‌ലൈൻ കമ്മിഷൻ ചെയ്തതോടെ ഇതിൽ നിന്നു വീടുകളിലേക്ക് കണക്‌ഷൻ നൽകുന്നതിനുള്ള പൈപ്പിടൽ തുടങ്ങി. ജൂണിനു മുൻപ് 5,000 വീടുകളിലെങ്കിലും പൈപ്പ് വഴി പാചക വാതകം എത്തിക്കാനാണ് വിതരണ ചുമതലയുള്ള ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് (ഐ.ഒ.എ.ജി.പിഎൽ) ശ്രമിക്കുന്നത്. അടുത്ത മാർച്ച് അവസാനത്തോടെ കണ്ണൂർ, കാസർകോട് ജില്ലകളിൽ 40 സി.എൻ.ജി സ്റ്റേഷനുകൾ തുടങ്ങാനും ഐ.ഒ.എ.ജി.പി.എൽ ലക്ഷ്യമിടുന്നു. എണ്ണായിരത്തോളം പേരാണ് സിലിണ്ടറുകൾ ഉപേക്ഷിച്ച് പൈപ്പ് വഴി പാചക വാതകം ലഭ്യമാക്കാനായി റജിസ്റ്റർ ചെയ്തിരിക്കുന്നത്.

2022 നവംബർ ഒന്നിനാണ് ജില്ലയിൽ ആദ്യമായി വീടുകളിലേക്ക് കണക്‌ഷൻ നൽകിയത്. കൂടാളി, മുണ്ടേരി പഞ്ചായത്തുകളിലായി നിലവിൽ ആയിരത്തോളം വീടുകളിൽ കണക്‌ഷൻ നൽകിക്കഴിഞ്ഞു. മേലേചൊവ്വ മുതൽ മുഴപ്പിലങ്ങാട് വരെയുള്ള 12 കിലോമീറ്റർ ദൂരത്തിലും മേലേചൊവ്വ മുതൽ വളപട്ടണം വരെയുള്ള 9.6 കിലോമീറ്റർ ദൂരത്തിലും വിതരണ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങിയിട്ടുണ്ട്. കോർപറേഷന്റെ 14, 15, 16, 17, 18, 20, 22, 25 ഡിവിഷനുകളിലെ വീടുകൾക്കാണ് ആദ്യഘട്ടത്തിൽ ഇതിന്റെ പ്രയോജനം ലഭിക്കുക.

ചാലോടിനും മേലേചൊവ്വയ്ക്കും ഇടയിലുള്ള പൈപ്പ് ലൈൻ കമ്മിഷൻ ചെയ്തതോടെ ഏച്ചൂരിൽ സി.എൻ.ജി സ്റ്റേഷൻ കഴിഞ്ഞ ദിവസം പ്രവർത്തനം ആരംഭിച്ചു. കമ്പിലും പുതിയ സി.എൻ.ജി സ്റ്റേഷൻ തുറന്നിട്ടുണ്ട്. പള്ളിക്കുന്ന്, മട്ടന്നൂർ, പയ്യന്നൂർ, പരിയാരം, തലശ്ശേരി, കൂത്തുപറമ്പ് എന്നിവിടങ്ങളിലും നിലവിൽ സി.എൻ.ജി സ്റ്റേഷനുകളുണ്ട്. മാഹിയിലും ഉടൻ തുടങ്ങും. തളിപ്പറമ്പിൽ രണ്ട്, ചെറുകുന്ന്, പാപ്പിനിശ്ശേരി, തലശ്ശേരി എന്നിവിടങ്ങളിൽ ഓരോ സി.എൻ.ജി സ്റ്റേഷനുകളും മാസങ്ങൾക്കുള്ളിൽ സജ്ജമാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!