വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ ബി. ജെ. പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ

ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വീണ്ടും മത്സരിക്കുന്നതോടെ ദേശീയ ശ്രദ്ധ നേടിയ വയനാട്ടിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ എൻ.ഡി.എ സ്ഥാനാർഥിയാകും. മത്സരിക്കാനില്ലെന്നു നിലപാടെടുത്തിരുന്ന സംസ്ഥാന അധ്യക്ഷനെത്തന്നെ സ്ഥാനാർഥിയാക്കി മത്സരം കടുപ്പിക്കാനാണു ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിച്ചത്.
എറണാകുളത്ത് കെ.എസ്.രാധാകൃഷ്ണനും കൊല്ലത്ത് ജി.കൃഷ്ണകുമാറും ആലത്തൂരിൽ ടി.എൻ.സരസുവുമാണ് എൻ.ഡി.എ സ്ഥാനാർഥികൾ. ഇതോടെ കേരളത്തിലെ 20 മണ്ഡലങ്ങളിലും എൻ.ഡി.എക്കു സ്ഥാനാർഥികളായി. മൂന്നു മുന്നണികളും സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ പ്രചാരണം പൊടിപാറും.