പെട്രോള്‍ പമ്പില്‍ വെച്ച് തീ കൊളുത്തി അത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

ഇരിങ്ങാലക്കുട: നഗരത്തിലെ പെട്രോള്‍ പമ്പില്‍ വെച്ച് പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ കോക്കാനിക്കാട് ഏര്‍വാടിക്കാരന്‍ ഷംസുദ്ദീന്റെ മകന്‍ ഷാനവാസ് (43) ആണ് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ മരിച്ചത്.
ഇരിങ്ങാലക്കുട – ചാലക്കുടി സംസ്ഥാന പാതയില്‍ മെറിനാ ആസ്പത്രിയ്ക്ക് സമീപത്തെ പെട്രോള്‍ പമ്പില്‍ ശനിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. സ്‌കൂട്ടറില്‍ എത്തിയ ഇയാള്‍ കുപ്പിയില്‍ പെട്രോള്‍ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ അതില്‍ നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു.
കാന്‍ കൊണ്ടു വന്നാല്‍ പെട്രോള്‍ നല്‍കാമെന്ന് പറഞ്ഞ് തൊട്ടടുത്ത വണ്ടിയില്‍ പെട്രോള്‍ അടിക്കാന്‍ ജീവനക്കാരന്‍ മാറിയ സമയം അവിടെ കാനില്‍ വെച്ചിരുന്ന പെട്രോള്‍ എടുത്ത് തലയിലൂടെ ഒഴിച്ച് കൈയ്യില്‍ കരുതിയിരുന്ന സിഗററ്റ് ലാമ്പുപയോഗിച്ച് തി കൊളുത്തുകയായിരുന്നു.
തീ ആളി പടര്‍ന്നതുകണ്ട് പെട്രോള്‍ അടിക്കാനെത്തിയവര്‍ വണ്ടികളുപേക്ഷിച്ച് ഓടി മാറിയെങ്കിലും ജീവനക്കാര്‍ ഉടന്‍ തന്നെ അഗ്നിശമന ഉപകരണം ഉപയോഗിച്ച് തീ അണച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി. ആദ്യം തൊട്ടടുത്ത ആസ്പത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് തൃശ്ശൂരിലെ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു.